ad
Deshabhimani

ഒരു ആശയവിനിമയവും നടത്തിയിട്ടില്ല; ട്രംപ് പിൻവാങ്ങിയത് ലക്ഷ്യപ്പട്ടിക അറിഞ്ഞപ്പോൾ: ഐആർജിസി

IRGC

ഐആർജിസി അം​ഗങ്ങൾ | PHOTO: AFP

വെബ് ഡെസ്ക്

Published on Mar 23, 2026, 05:59 PM | 2 min read

തെഹ്റാൻ: ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്നും, പശ്ചിമേഷ്യയിലെ എല്ലാ ഊർജ നിലയങ്ങളും ഇറാന്റെ ലക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുമെന്ന് അറിഞ്ഞതോടെ ട്രംപ് തന്റെ നിലപാടിൽ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്നും ഐആർജിസിയുമായി ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


ഇസ്രയേലുമൊത്തുള്ള അമേരിക്കയുടെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തിയ ചെറുത്തുനിൽപ്പിലും പ്രത്യാക്രമണങ്ങളിലും പിടിച്ചുനിൽക്കാനാകാതെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാനുമായുള്ള ചർച്ചയിൽ പുരോ​ഗതി ഉണ്ടായെന്നും സൈനിക നീക്കങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുകയാണെന്നും ട്രംപ് തിങ്കളാഴ്ച അറിയിച്ചു.


"ക്രിയാത്മകമായ സംഭാഷണങ്ങളുടെ സ്വഭാവം കണക്കിലെടുത്ത്, ഇറാന്റെ ഊർജ ഉൽപാദന കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാൻ ഞാൻ യുദ്ധവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കൂടിക്കാഴ്ചകളുടെയും ചർച്ചകളുടെയും വിജയത്തിന് വിധേയമായിട്ടായിരിക്കും ഈ തീരുമാനം."- തന്റെ 'ട്രൂത്ത് സോഷ്യൽ' പേജിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് ഇപ്രകാരം വ്യക്തമാക്കി.


ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിമുഴക്കിയിരുന്നു. എന്നാൽ, ആക്രമണമുണ്ടായാൽ ഹോർമുസ്‌ കടലിടുക്ക്‌ പൂർണമായി അടച്ചിടുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന്‌ ഇസ്‌ലാമിക്‌സ്‌ റവല്യൂ‍ഷണറി ഗാർഡ്‌ കോർ(ഐആർജിസി) ട്രംപിന് മറുപടി നൽകി. ഇസ്രയേലിന്റെ ആണവ–ഉ‍ൗർജ നിലയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിവര, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവ വ്യാപകമായി ലക്ഷ്യമിടുമെന്നും യുഎസ്‌ ഓഹരി ഉടമകളുള്ള മേഖലയിലെ സമാന കമ്പനികൾ പൂർണമായും നശിപ്പിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ്‌ നൽകി. ഇതിന് പിന്നാലെയാണ് വെടിനിർത്തലിനുള്ള ട്രംപിന്റെ പ്രഖ്യാപനം.


അമേരിക്കയുടെയും ഇസ്രായേലിന്റെയും ശത്രു കപ്പലുകൾ ഒഴികെയുള്ളവയ്ക്ക് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്നും ഇറാന്റെ ഐഎംഒ പ്രതിനിധി അലി മൂസവി പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾക്ക് കാരണം യുഎസ്-ഇസ്രായേൽ ആക്രമണങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


കണക്കുകൾ പ്രകാരം, യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ഇസ്രായേലിൽ 15 പേർക്കും ജീവൻ നഷ്ടമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home