ധനികർക്ക് അധികനികുതി ചുമത്തുന്നത് അതീവ നിര്‍ണായക നീക്കം , അതി സമ്പന്നര്‍ ന്യൂയോര്‍ക്ക് വിടാന്‍ സാധ്യത
print edition ഇനി പുതിയ കാലം ; നെഹ്‌റുവിന്റെ ചരിത്രപ്രസിദ്ധമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗം ഉദ്ധരിച്ച് മംദാനി

ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ വിജയാഘോഷ പരിപാടിയില്‍ സൊഹ്റാന്‍ മംദാനി. ഭാര്യ രമ ദുവാജി, പിതാവ് മഹമൂദ് മംദാനി, മാതാവ് മീര നായര്‍ എന്നിവര്‍ സമീപം
ന്യുയോര്‍ക്ക്
ഇത് മാറ്റത്തിനായുള്ള ജനവിധിയാണെന്ന് യുഎസിലെ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സൊഹ്റാൻ മംദാനി. ഇന്ത്യ സ്വതന്ത്രമായെന്ന് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ജവഹർലാൽ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ് ബ്രൂക്‌ലിനിൽ വിജയാഹ്ലാദറാലിയിൽ മംദാനി തുടങ്ങിയത്.
‘‘നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഓര്‍ത്തുപോവുകയാണ്. ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നിമിഷം ആഗതമായിരിക്കുന്നു, നാം പഴയതില്‍നിന്ന് പുതിയതിലേക്ക് കാലെടുത്തുവെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവിന് ശബ്‌ദം ലഭിക്കുമ്പോള്‍...’- നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് മംദാനി പറഞ്ഞു.
ഈ രാത്രി ന്യൂയോര്‍ക്ക് അത് ചെയ്‌തിരിക്കുന്നു. ഇനി പുതിയകാലം, ഒഴികഴിവുകള്‍ പറഞ്ഞ് മാറിനിൽക്കില്ല. വ്യക്തതയും കാഴ്‌ചപ്പാടും കരുത്തുറ്റ നേതൃത്വവും ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് സമ്മാനിക്കും. പ്രസിഡന്റ് ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട രാജ്യത്തിന്, അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ആര്‍ക്കെങ്കിലും കാണിച്ചുകൊടുക്കാന്‍ സാധിക്കുമെങ്കില്‍, അത് അദ്ദേഹത്തെ സൃഷ്ടിച്ച ഈ നഗരത്തിനാണ്– മംദാനി പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും നിശിത വിമർശകനാണ് മംദാനി. ഇന്ത്യയുടെ ബഹുസ്വരതയാണ് ഉയർത്തിക്കാട്ടേണ്ടതെന്നും ജനതയെ ഭിന്നിപ്പിക്കുന്നവരുടെ ഇടമല്ല ഇന്ത്യയെന്നും മംദാനി നേരത്തെ വിവിധ ഘട്ടങ്ങളിൽ പറഞ്ഞിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെയും ശബ്ദമുയർത്തി.
മുന്നില്‍ വെല്ലുവിളികൾ
ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെടുന്നത് സാമ്രാജ്യത്വ, വംശീയ അധികാരശക്തികളുടെ നിഴലിലായ ജനാധിപത്യ ലോകക്രമത്തിന് പുതിയ ഉണർവാണ് നൽകുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിനായി മംദാനി നൽകിയ വാഗ്‌ദാനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യം പ്രസക്തമായി നിൽക്കുന്നു. ട്രംപിന്റെ ഭീഷണിയെയും ശക്തിയെയും മറികടക്കാൻ പുരോഗമനപരമായ വാഗ്‌ദാനങ്ങളാണ് മംദാനി നൽകിയത്.
വാടക മരവിപ്പിക്കൽ, സൗജന്യ സിറ്റിബസ് യാത്ര തുടങ്ങിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാൻ കൂടുതൽ പണം കണ്ടെത്തണം. കോര്‍പ്പറേറ്റ് ഭീമന്മാരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നത് കടുത്ത എതിർപ്പിന് വഴിവയ്‌ക്കും. ധനികർക്ക് അധികനികുതി ഇൗടാക്കാന്‍ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ അനുമതി വേണം. നടപ്പിലായാൽ തന്നെ അധിക നികുതി എന്ന കടമ്പ കടക്കാന്‍ ഉയർന്ന വരുമാനക്കാരും ബിസിനസുകാരും ന്യൂയോർക്ക് സിറ്റിയിൽനിന്ന് താമസംമാറാനും സാധ്യതയുണ്ട്. ഇത് നഗരവരുമാനത്തിൽ കനത്ത ഇടിവുണ്ടാക്കും. കൂടാതെ സൗജന്യ സിറ്റിബസ് യാത്ര, സാർവത്രിക ശിശു സംരക്ഷണം, നഗരത്തിന്റെ ഉടമസ്ഥതയിൽ പലചരക്ക് കടകൾ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നഗരത്തിന്റെ ബജറ്റിനെ കൂടുതൽ സങ്കീർണമാക്കും. അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സേവനങ്ങൾ, സുരക്ഷ എന്നിവ നടപ്പിലാക്കാൻ ഫെഡറൽ ഫണ്ടിൽ കുറവ് വരാൻ പാടില്ല. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്‌ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇനി നിലവിലുള്ള ഫണ്ട് എങ്ങനെ നേടിയെടുക്കുമെന്നത് വലിയ വെല്ലുവിളിയാകും. വാടകനിയന്ത്രണം നടപ്പിലാക്കുന്പോൾ ഭൂവുടമകളിൽനിന്ന് മറ്റും നിയമപരവും രാഷ്‌ട്രീയവുമായ എതിർപ്പുയരും.
പതിനായിരം കോടി ഡോളറിലധികം വരുന്ന നഗര ബജറ്റ് കൈകാര്യം ചെയ്യുന്പോള്‍ കടുത്ത പരിശോധന കടമ്പകളും കടക്കേണ്ടിവരും.
തീവ്രവലതുപക്ഷം ശക്തമായ വേരോട്ടമുണ്ടാക്കിയ ട്രംപിന്റെ നഗരത്തില്‍ കടുത്ത ഇസ്ലാമാഫോബിയ നേരിട്ടാണ് മംദാനി ജനകീയ പിന്തുണ ആര്‍ജിച്ചത്. അമേരിക്കയെ നശിപ്പിക്കാന്‍ ഭീകര്‍ക്കൊപ്പം ചേര്‍ന്ന കമ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നാണ് ട്രംപ് പക്ഷം പരിഹസിക്കുന്നത്.
അഭിനന്ദന പ്രവാഹം
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്‌റാൻ മംദാനിക്ക് അഭിനന്ദനപ്രവാഹം. അമേരിക്കയിൽ ഡെമോക്രാറ്റുകൾ മടങ്ങിവരുന്നതിന്റെയും ഇടതുപക്ഷം കരുത്താര്‍ജിക്കുന്നതിന്റെയും സൂചനയാണ് ഇൗ വിജയമെന്ന് സെനറ്റർ ബെർണി സാൻഡേഴ്‌സ്, ജനപ്രതിനിധി സഭാംഗം അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് തുടങ്ങിയവർ പ്രതികരിച്ചു. ട്രംപിന്റെ വിദ്വേഷ രാഷ്‌ട്രീയത്തെ പരാജയപ്പെടുത്താനുള്ള ബ്ലൂപ്രിന്റായ ഈ വിജയം ഡെമോക്രാറ്റിക് പാർടിയുടെ പുരോഗമന വിഭാഗം ശക്തി പ്രാപിക്കുന്നതിന്റെയും സൂചനയാണിത് –അവര്‍ പറഞ്ഞു. മംദാനിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്ന നിലവിലെ ഗവർണർ കാത്തി ഹോച്ചുൾ, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് തുടങ്ങിയവരും മംദാനിയെ അഭിനന്ദിച്ചു.
ലണ്ടൻ മേയർ സാദിഖ് ഖാൻ, ബ്രിട്ടനിലെ ലേബർപാർടി നേതാവ് ജെറമി കോർബിൻ തുടങ്ങിയവരും അഭിനന്ദിച്ചു.
അതേസമയം, ബാലറ്റിൽ തന്റെ പേര് ഇല്ലാത്തതും സർക്കാർ അടച്ചുപൂട്ടലുകളുടെ ആഘാതവുമാണ് മംദാനിയുടെ വിജയത്തിന് കാരണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മംദാനിയുടെ പ്രധാന എതിരാളി ആൻഡ്രൂ ക്യൂമോ വിജയത്തെ രൂക്ഷമായി വിമർശിച്ചു. ന്യൂയോർക്കുകാർ യഹൂദവിരുദ്ധതരെ സഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.









0 comments