ഗ്രെറ്റ തൻബർഗ് ഉൾപ്പടെയുള്ള സാമൂഹിക പ്രവർത്തകരെ ഗ്രീസിലേയ്ക്ക് ഇന്ന് നാടുകടത്താൻ നെതന്യാഹു

greta
വെബ് ഡെസ്ക്

Published on Oct 06, 2025, 05:38 PM | 2 min read

തെൽ അവീവ്: പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിനെ ഇസ്രായേൽ ഇന്ന് നാടുകടത്തും. ​ഇസ്രായേലി ഡിറ്റക്ഷൻ സെന്ററുകളിൽ നിന്ന് മോചിപ്പിച്ച ശേഷമായിരിക്കും നാട് കടത്തൽ. വിവിധ രാജ്യങ്ങളിൽ നിന്ന് ഫ്ലോട്ടില്ല കപ്പലിൽ ഗസ്സക്ക് സഹായവുമായി എത്തിയ 70 പേരെയാണ് കയറ്റി അയക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള 28 പേർ, ഗ്രീസിൽ നിന്നുള്ള 27 പേർ, ഇറ്റലിയിൽ നിന്നുള്ള 15 പേർ എന്നിവർ ഇതിലുൾപ്പെടുന്നു.'


ഗ്രെറ്റ തൻബെർഗിനോട് ഇസ്രായേലി സൈന്യം ക്രൂരമായാണ് പെരുമാറിയതെന്ന് ആക്ടിവിസ്റ്റുകൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുൻപ് നാടുകടത്തപ്പെട്ട 137 പ്രവർത്തകർ ശനിയാഴ്ച ഇസ്താംബൂളിൽ എത്തിച്ചേർന്നു. തുർക്കി, അമേരിക്ക, ഇറ്റലി, മലേഷ്യ, കുവൈറ്റ്, ജോർദാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു. തുർക്കിഷ് പത്രപ്രവർത്തകനായ എർസിൻ സെലിക്, തൻബെർഗിനെ ഇസ്രായേലി സൈന്യം ഉപ​ദ്രവിക്കുന്നത് നേരിട്ട് കണ്ടതായി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ​ഗ്രെറ്റയെ "നിലത്തൂടെ വലിച്ചിഴക്കുകയും ഇസ്രായേലി പതാകയിൽ ചുംബിക്കാൻ നിർബന്ധിക്കുകയും ചെയ്തു" അദ്ദേഹം പറഞ്ഞു.


മലേഷ്യൻ പ്രവർത്തകനായ ഹസ്വാനി ഹെൽമി, അമേരിക്കൻ പങ്കാളി വിൻഡ്ഫീൽഡ് ബീവർ എന്നിവരും സമാനമായ കാര്യങ്ങൾ ഇസ്താംബുൾ വിമാനത്താവളത്തിൽ പറഞ്ഞു. ​ഗ്രെറ്റയെ തള്ളിയിടുകയും, ഇസ്രായേലി പതാകയുമേന്തി നിർത്തി പ്രദർശിപ്പിക്കുകയും ചെയ്തുവെന്ന് ഇവർ ആരോപിച്ചു.


"ഇതൊരു ദുരന്തമായിരുന്നു. അവർ ഞങ്ങളോട് മൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്," ഹെൽമി പറഞ്ഞു. തടവിലായിരുന്നവർക്ക് ഭക്ഷണവും ശുദ്ധജലവും മരുന്നും നിഷേധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.


​ഗ്രെറ്റയോട് "മോശമായി പെരുമാറുകയും പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു" എന്ന് ബീവർ പറഞ്ഞു. തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രിയായ ഇത്‌മാർ ബെൻ-ഗ്വിർ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ ​ഗ്രെറ്റയെ തള്ളിമാറ്റിയ കാര്യവും അദ്ദേഹം ഓർത്തെടുത്തു.

ഇറ്റാലിയൻ പത്രപ്രവർത്തകൻ ലോറെൻസോ അഗോസ്റ്റിനോയും ഈ വിഷയം ഉദ്ധരിച്ചു. "ധൈര്യശാലിയായ ഗ്രെറ്റ തൻബെർഗിന് 22 വയസ്സ് മാത്രമാണ് പ്രായം. അവളെ അപമാനിക്കുകയും ഇസ്രായേലി പതാകയിൽ പൊതിഞ്ഞ് ഒരു ട്രോഫി പോലെ പ്രദർശിപ്പിക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു.


മറ്റുള്ളവരും ഗുരുതരമായ പീഡനങ്ങളെക്കുറിച്ച് വിവരിച്ചു. "അവർ ഞങ്ങളോട് പട്ടികളെപ്പോലെയാണ് പെരുമാറിയത്. മൂന്ന് ദിവസം ഭക്ഷണം തരാതെ പട്ടിണിക്കിട്ടു. വെള്ളം തരാത്തതിനാൽ ടോയ്‌ലറ്റിലെ വെള്ളം കുടിക്കേണ്ടി വന്നു... കഠിനമായ ചൂടുള്ള ദിവസമായിരുന്നു അത്, ഞങ്ങൾ എല്ലാവരും വെന്തുരുകി." ഈ ദുരനുഭവം തനിക്ക് "ഗാസയെക്കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കാൻ" സഹായിച്ചു എന്നായിരുന്നു തുർക്കിഷ് ടിവി അവതാരകയായ ഇഖ്ബാൽ ഗുർപിനാർ പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home