ഇന്ത്യൻ വിനോദസഞ്ചാരികള്‍ക്ക് നേപ്പാളില്‍ പുതിയ നിയന്ത്രണങ്ങള്‍; റിപ്പോര്‍ട്ട് നിഷേധിച്ച് രാജ്യം

map of nepal | image: Asia times
കാഠ്മണ്ഡു : നേപ്പാളിലേക്ക് എത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് രാജ്യം.
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറയ്ക്കാൻ രാജ്യം ശ്രമിക്കുന്നുവെന്ന പ്രവണയുണ്ടാക്കാനാണ് ശ്രമമെന്ന് റിപ്പോർട്ട് നിഷേധിച്ചുകൊണ്ട് നേപ്പാൾ അധികൃതർ അറിയിച്ചു. നേപ്പാളിലേക്കുള്ള ഇന്ത്യൻ സന്ദർശകർക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ചില ഓൺലൈൻ ചാനലുകളിലും മാധ്യമങ്ങളിലും വരുന്ന വ്യാജ വാർത്തകൾ ആശങ്കയ്ക്ക് കാരണമായതായി നേപ്പാൾ ടൂറിസം ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
'അതിർത്തി കടക്കാൻ ഇന്ത്യൻ പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി, രാജ്യത്ത് താമസിക്കാനുള്ള അനുവാദം 30 ദിവസമാക്കി ചുരുക്കി, കാലാവധി കഴിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു തുടങ്ങിയ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള സന്ദർശനിയമങ്ങളിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടില്ല. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീർഘകാല ബന്ധത്തിൽ അതിർത്തി സംവിധാനത്തിലോ ഉഭയകക്ഷി ബന്ധത്തിലോ മാറ്റം വന്നിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും സൗഹൃദപരവുമായ രാജ്യമാണ് നേപ്പാൾ. ഇന്ത്യ-നേപ്പാൾ ബന്ധം കാത്തുസൂക്ഷിക്കുന്നതിനൊപ്പം സുഗമമായ അതിർത്തി യാത്രയും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനും നേപ്പാൾ ടൂറിസം പ്രതിജ്ഞാബദ്ധരാണ്', പ്രസ്താവനയിൽ നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി.










0 comments