ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണമെന്ന് റിപ്പോർട്ടുകൾ; കപ്പലിന് തീപിടിച്ചു

ഹോർമുസ് കടലിടുക്ക് Image Credit : Wikipedia
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിൽ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി അമേരിക്കയുടെ ആരോപണം. ആക്രമണത്തിൽ ഒരു എണ്ണക്കപ്പലിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരങ്ങൾ.
ഇറാന്റെ പ്രകോപനപരമായ നടപടികൾക്കെതിരെ സൈനിക നീക്കങ്ങൾ അമേരിക്കയുടെ പരിഗണനയിലുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഈ ആരോപണങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. മേഖലയിൽ സമാധാനാന്തരീക്ഷം തകർക്കാൻ ഇറാൻ ശ്രമിക്കുകയാണെന്ന് യു എസ് നേവി വക്താക്കൾ പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ 'യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്' ആണ് ആക്രമണ വിവരം പുറത്തുവിട്ടത്.
അന്താരാഷ്ട്ര എണ്ണക്കപ്പലുകൾ സ്ഥിരമായി കടന്നുപോകുന്ന ഒമാൻ തീരത്തുവെച്ചാണ് സംഭവം നടന്നത്. തുടർന്ന് മേഖലയിലുള്ള മറ്റ് കപ്പലുകൾക്ക് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അടിയന്തര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതയാണിത്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടാകുന്ന നേരിയ സംഘർഷം പോലും ആഗോള എണ്ണവിലയെയും വിപണിയെയും ദോഷകരമായി ബാധിക്കും.











0 comments