പ്രതിഷേധം കനത്തു; സെർബിയ പ്രധാനമന്ത്രി രാജിവച്ചു

photo credit: facebook
ബൽഗ്രേഡ്: രാജ്യത്ത് ആഴ്ചകളോളം തുടരുന്ന അഴിമതി വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് രാജിവെച്ച് സെർബിയൻ പ്രധാനമന്ത്രി മൈലോസ് വുസെവിക്. വർധിച്ചുവരുന്ന സ്വേച്ഛാധിപത്യ ഭരണത്തോടുള്ള അതൃപ്തിയും വടക്കൻ നഗരമായ നോവിസാദിൽ റെയിൽേേവ സ്‌റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് 15 പേരുടെ മരണത്തിനിടയാക്കിയ സംഭവവുമാണ് മൈലോസ് വുസെവികിയുടെ രാജിയിലേക്ക് വഴിതെളിച്ചത്.
ആഭ്യന്തര സംഘർഷം ഒഴിവാക്കാനാണ് രാജിയെന്ന് വുസെവിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിലൂടെ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിച്ചു. നോവി സാദ് മേയർ മിലൻ ഡ്ജുറിക്കും ചൊവ്വാഴ്ച സ്ഥാനമൊഴിയുമെന്ന് വുസെവിക് പറഞ്ഞു. അപകടത്തെ തുടർന്ന് മന്ത്രിയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമടക്കം 13 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.വുസെവിച്ചിന്റെ രാജി പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെയാകാൻ കാരണമായേക്കും.
തിങ്കളാഴ്ച പതിനായിരക്കണക്കിന് ആളുകളാണ് ഭരണവിരുദ്ധ പ്രതിഷേധത്തിൽ അണിനിരന്നത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കൊപ്പം സെർബിയൻ തലസ്ഥാനത്ത് 24 മണിക്കൂർ പ്രതിഷേധക്കാർ ഉപരോധം നടത്തി. കോൺക്രീറ്റ് മേൽക്കുര തകർന്നതിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്.
എന്നാൽ നിർമാണ മന്ത്രി ഗോരാൻ വെസിക്കിനെ ജയിലിൽ നിന്ന് മോചിപ്പിച്ചത് അന്വേഷണത്തിൽ കൂടുതൽ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായി പ്രക്ഷോഭകർ പറഞ്ഞു.









0 comments