print edition വൻകരകൾ ചുവപ്പണിഞ്ഞു

തുർക്കിയിൽ നടന്ന മെയ്ദിന റാലി. photo credit: AFP
ബീജിങ്/ന്യൂയോർക്ക്/ഹവാന: മൂലധനശക്തികളുടെ ചൂഷണത്തിനെതിരെ മുദ്രാവാക്യമുയർത്തി ലോകമെമ്പാടും തൊഴിലാളിവർഗം തെരുവിലിറങ്ങി. സാർവദേശീയ തൊഴിലാളി ദിനത്തിൽ ചെങ്കൊടികളേന്തി ലക്ഷക്കണക്കിന് തൊഴിലാളികൾ വിവിധ രാജ്യങ്ങളിൽ റാലികളിൽ അണിചേർന്നു. സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനുമിടയിൽ മാന്യമായ വേതനവും തൊഴിലവകാശങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇത്തവണ മെയ്ദിന റാലികൾ.
ബൊളീവിയ. photo credit: AFP
ചൈനയിൽ വ്യാവസായിക കേന്ദ്രങ്ങളിൽ വൻ റാലികൾ നടന്നു. രാജ്യപുരോഗതിയിൽ തൊഴിലാളികൾ വഹിക്കുന്ന പങ്കിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സന്ദേശത്തിൽ അഭിവാദ്യംചെയ്‌തു. യുഎസ് ഉപരോധങ്ങളെ വെല്ലുവിളിച്ച് ക്യൂബയിൽ ഉജ്വല റാലികൾ നടന്നു. ഹവാനയിലെ വിപ്ലവചത്വരത്തിൽ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനൽ തൊഴിലാളികളെ അഭിവാദ്യംചെയ്‌തു. റഷ്യയിൽ മോസ്‌കോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ട്രേഡ് യൂണിയനുകൾ റാലികൾ സംഘടിപ്പിച്ചു. വെനസ്വേലയിൽ യുഎസ് തടവിലാക്കിയ പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ ചിത്രങ്ങളേന്തിയായിരുന്നു റാലി.
ഫ്രാൻസ് . photo credit: AFP
കൊളംബിയയിലും ബ്രസീലിലും യുഎസ് സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനിൽപ്പിന് സർക്കാരുകൾക്ക് തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫ്രാൻസിലെ പാരീസിൽ പെൻഷൻ പരിഷ്‌കരണത്തിനും വിലക്കയറ്റത്തിനുമെതിരെ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ജർമനിയിലും ബ്രിട്ടനിലും റെയിൽവേ തൊഴിലാളികളും ആരോഗ്യ മേഖലയിലെ തൊഴിലാളികളും പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങൾ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ഗ്രീസിലും ഇറ്റലിയിലും ആയിരക്കണക്കിന് തൊഴിലാളികൾ തലസ്ഥാന നഗരങ്ങളെ സ്‌തംഭിപ്പിച്ചു. തുർക്കിയയിൽ ഇസ്‌താംബുൾ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരോധനം ലംഘിച്ചും പ്രകടനം നടത്തി. ദക്ഷിണ കൊറിയയിൽ സോളിൽ ഒത്തുകൂടിയ തൊഴിലാളികൾ തൊഴിൽനിയമങ്ങൾ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു.
ക്യൂബ. photo credit: AFP










0 comments