'യുദ്ധക്കുറ്റാരോപിതന്റെ സഖ്യകക്ഷിക്ക് സമാധാന നൊബേൽ'; മരിയ കൊറീനയുടെ പുരസ്‌കാരത്തിൽ വ്യാപക വിമർശനം

സ്റ്റോക്ഹോം: 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേലൻ പ്രർത്തക മരിയ കൊറീന മച്ചാഡോക്ക് നൽകിയതിനെതിരെ ആഗോളതലത്തിൽ വ്യാപക വിമർശനം.ഇസ്രയേലിനെയും ഗാസയിൽ നടത്തുന്ന ബോംബാക്രമണങ്ങളെയും പിന്തുണയ്ക്കുന്നതും സ്വന്തം രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിക്കാൻ വിദേശ ഇടപെടൽ ആവശ്യപ്പെട്ടതുമാണ് വിമർശനങ്ങൾക്ക് പ്രധാന കാരണം.
നിരവധി മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും മരിയയുടെ രാഷ്ട്രീയ നിലപാടുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി. യുദ്ധക്കുറ്റാരോപിതനായ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന ഒരാളെ സമാധാന നൊബേൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതിൽ പുരസ്‌കാര സമിതിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുയര്‍ത്തുന്നതാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
വർഷങ്ങളായുള്ള അവരുടെ പോസ്റ്റുകൾ നെതന്യാഹുവിന്റെ സഖ്യകക്ഷിയാണ് താൻ എന്ന് തെളിയിക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.
"സമാധാന നൊബേൽ ജേതാവായ മരിയ കൊറീന മച്ചാഡോ ഇസ്രായേൽ അനുകൂലി മാത്രമല്ല, അവർ പ്രൊ - ലിക്കുഡാണ് (നെതന്യാഹുവിന്റെ പാർട്ടി). 2020 ൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി ഒരു സഹകരണ ഉടമ്പടിയിൽ അവർ ഒപ്പുവച്ചു. നെതന്യാഹുവിന്റെ ഗാസ യുദ്ധത്തെ അവർ പൂർണ്ണമായി പിന്തുണയ്ക്കുന്നു. അവർ പ്രസിഡന്റായാൽ ഇസ്രയേലും വെനസ്വേലയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കും." അൽ ജസീറ മാധ്യമപ്രവർത്തകയായ ദിമാ ഖതിബ് കുറിച്ചത് ഇങ്ങനെയായിരുന്നു.
ഗാസയിലെ ഡോക്ടർമാർ, പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരെ തുടർച്ചയായ രണ്ടാം വർഷവും നൊബേൽ സമ്മാനത്തിന് പരിഗണിക്കാതിരുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.
നൊബേലിന്റെ മൂല്യത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പാകിസ്ഥാനി എഴുത്തുകാരിയും കോളമിസ്റ്റുമായ ഫാത്തിമ ഭൂട്ടോ പ്രതികരിച്ചത്. തുടർച്ചയായ രണ്ടാം വർഷവും ഗാസൻ ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും അവഗണിച്ച ഒരു പുരസ്‌കാരം തീർത്തും വിലയില്ലാത്തതാണ്. ഇത് പാശ്ചാത്യ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ കാൽപടയാളികളെ മാത്രം സമ്മാനിക്കുന്നതാണ്, അതിലപ്പുറം ഒന്നുമില്ല." എന്നായിരുന്നു അവർ പറഞ്ഞത്.

മരിയക്ക് നൊബേൽ നൽകിയത് "അവിവേകപരം" എന്നായിരുന്നു യു എസ് ആസ്ഥാനമായുള്ള മുസ്‌ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ - ഇസ്‌ലാമിക് റിലേഷൻസ് (CAIR) വിശേഷിപ്പിച്ചത്.
നൊബേൽ പ്രഖ്യാപനത്തിന് പിന്നാലെ, മച്ചാഡോ തന്റെ പുരസ്‌കാരം ഡോണൾഡ് ട്രംപിന് സമർപ്പിച്ചത് വിവാദങ്ങളുടെ തീവ്രത വർധിപ്പിച്ചു. ലോകമെമ്പാടുമുള്ള അര ഡസനോളം സംഘർഷങ്ങൾ അവസാനിപ്പിച്ച ആഗോള സമാധാന ദൂതനായി ട്രംപിനെ ചിത്രീകരിക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നും "സമാധാനത്തിന് മുകളിൽ രാഷ്ട്രീയം സ്ഥാപിക്കുന്നു" എന്ന വിമർശനം നൊബേൽ കമ്മിറ്റിക്കെതിരെ ഉയർന്നു. ഇതിനിടയിലാണ് മരിയ ട്രംപിനെ സുഖിപ്പിക്കാനെന്നോണം തന്റെ നൊബേൽ ട്രംപിന് സമർപ്പിച്ചത്.
തന്നോടുള്ള പൂർണ ബഹുമാനാർഥമാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് അവാർഡ് സ്വീകരിച്ചതെന്നായിരുന്നു ഇതിനോടുള്ള ട്രംപ്പിന്റെ പ്രതികരണം.









0 comments