മരിയ കൊറീന മച്ചാഡോ സമാധാന പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത് വനിത
സമാധാനത്തിന് ‘രാഷ്‌ട്രീയ നൊബേൽ’ ; വെനസ്വേലയെ ഒറ്റുകൊടുക്കാന്‍ പുരസ്കാരം

സ്റ്റോക്ക്‌ഹോം
വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള ജനകീയ ഇടതുപക്ഷസര്‍ക്കാരിന്റെ മുഖ്യവിമര്‍ശകയും കടുത്ത അമേരിക്കന്‍, ഇസ്രയേല്‍ പക്ഷപാതിയും തീവ്രവലതുപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോയ്‌ക്ക് 2025ലെ സമാധാന നൊബേൽ. രണ്ടുവര്‍ഷം നീണ്ട ഇസ്രയേലിന്റെ ഗാസ വംശഹത്യയില്‍ മൗനംപാലിച്ച നേതാവിന് സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചത് നൊബേല്‍ പുരസ്‌കാര സമിതിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുയര്‍ത്തുന്നു.
ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കാനുള്ള പാശ്ചാത്യതന്ത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന മരിയ കൊറീന മച്ചാഡോയെ "വെനസ്വേലയുടെ മാര്‍ഗരറ്റ് താച്ചർ' എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വാഴ്‌ത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്രവലതു സഖ്യങ്ങളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.
അൻപത്തിയെട്ടുകാരിയായ മച്ചാഡോ 1967 ഒക്‌ടോബർ ഏഴിന് വെനസ്വേലയിലെ കരാക്കസിലെ പ്രഭുകുടുംബത്തിലാണ് ജനിച്ചത്. ഇൻഡസ്ട്രിയൽ എന്‍ജിനീയറിങ്ങിൽ ബിരുദവും ധനകാര്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 2013ൽ വെന്‍റേ വെനസ്വേല എന്ന തീവ്രവലതുപക്ഷ പാർടി രൂപീകരിച്ചു. അതിന്റെ ദേശീയ കോ-ഓർഡിനേറ്ററായി. 2012ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ഥിയാകാന്‍ മത്സരിച്ചെങ്കിലും തോറ്റു. ഭരണ അട്ടിമറി ലക്ഷ്യമിട്ട് 2014ല്‍ രാജ്യത്ത് അരങ്ങേറിയ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്‌തതില്‍ മുഖ്യപങ്കുവഹിച്ചു. 2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായെങ്കിലും മത്സരിക്കുന്നതില്‍നിന്ന് സുപ്രീംകോടതി അയോഗ്യയാക്കി. തെരഞ്ഞെടുപ്പിൽ വിജയിച്ച നിക്കോളാസ് മഡൂറോ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വിജയറാലി അഭിസംബോധന ചെയ്യവെ, അമേരിക്കന്‍ മാധ്യമങ്ങള്‍, മച്ചാഡോയുടെ പ്രസംഗമാണ് തത്സമയം സംപ്രേക്ഷണം ചെയ്തത്.
മച്ചാഡോയെ അമേരിക്ക സഖ്യകക്ഷിയായാണ് പരിഗണിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ജോർജ് ബുഷ് ആവരെ ഓവൽ ഓഫീസിലേക്ക് ക്ഷണിച്ച് ആദരിച്ചു. അമേരിക്കയും മറ്റ് പാശ്ചാത്യശക്തികളും വെനസ്വേലയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളെ പോലും മാച്ചോഡോ പിന്തുണയ്ക്കുന്നു. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. വെനസ്വേലയിലെ നവഫാസിസ്റ്റ് ശക്തികളുമായും ബന്ധം സൂക്ഷിക്കുന്ന ഇവര്‍ അന്താരാഷ്ട്ര സയണിസ്റ്റ് പ്രസ്ഥാനവുമായും അടുത്തബന്ധം സൂക്ഷിക്കുന്നു. ഗാസ വംശഹത്യയെ അവർ പരസ്യമായി പിന്തുണച്ചതായി ലാറ്റിനമേരിക്കന്‍ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ വെനസ്വേലയില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന് 2018ല്‍ അവര്‍ ആവശ്യപ്പെട്ടു. അധികാരംപിടിക്കാനായാല്‍ ഇസ്രയേല്‍ വെനസ്വേല എംബസി തുറക്കുമെന്നും വാഗ്ദാനം ചെയ്തു. ഇൗ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത് വനിതയാണ് മച്ചാഡോ. 244 വ്യക്തികളെയും 94 സംഘടനകളെയുമാണ് സമാധാന സമ്മാനത്തിനായി പരിഗണിച്ചിരുന്നത്.
മോഹിച്ചെങ്കിലും ട്രംപിന് കിട്ടിയില്ല
ലോകമെമ്പാടുമുള്ള ‘യുദ്ധങ്ങൾ' അവസാനിപ്പിച്ചതിന് തനിക്ക് നൊബേൽ നല്‍കണമെന്നും പുരസ്‌കാര സമിതി മറിച്ച് തീരുമാനമെടുത്താല്‍ അത് അമേരിക്കയോടുള്ള അവഹേളനമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ട്രംപിനെ എന്തുകൊണ്ട് നോബൽ സമ്മാനത്തിന് പരിഗണിക്കുന്നില്ലെന്ന് നോബൽ സമിതി അധ്യക്ഷന്‍ ജോർഗൻ വാട്‌നെ ഫ്രൈഡ്‌നസിനോട് മാധ്യമങ്ങൾ ആരാഞ്ഞപ്പോള്‍, "എല്ലാ ജേതാക്കളുടെയും ഛായാചിത്രങ്ങൾ നിറഞ്ഞ മുറിയിലാണ് സമിതി ചേരുന്നത്, ആ മുറി ധൈര്യവും സത്യസന്ധതയും കൊണ്ട് നിറഞ്ഞിരിക്കുന്നു’ എന്നായിരുന്നു മറുപടി.
പുരസ്കാരം ട്രംപിന് സമര്‍പ്പിച്ച് മരിയ
നൊബേല്‍ പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമര്‍പ്പിച്ച് മരിയ കൊറിന മച്ചാഡോ. വെനസ്വേലക്കാരുടെ പോരാട്ടത്തിനുള്ള അംഗീകാരമാണിതെന്നും ദൗത്യത്തിന് അന്താരാഷ്ട്ര സഖ്യകക്ഷികളിൽ നിന്ന് തുടർന്നും പിന്തുണ ലഭിക്കണമെന്നും അവര്‍ എക്സില്‍ കുറിച്ചു. "നമ്മൾ വിജയത്തിന്റെ പടിവാതിൽക്കലാണ്, സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിന് പ്രസിഡന്റ് ട്രംപിന്റെയും, അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും ജനങ്ങളുടെയും പിന്തുണ വേണം" അവർ കുറിച്ചു.









0 comments