ലൂവ്ര് മ്യൂസിയത്തിലെ കവർച്ച മിനിറ്റുകൾ കൊണ്ട്; മോഷണ ദൃശ്യങ്ങൾ പുറത്ത്

പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വൻ കവർച്ചയുടെ ദൃശ്യങ്ങൾ പുറത്ത്. മോഷ്ടാക്കളിലൊരാൾ അമൂല്യ ആഭരണങ്ങൾ സൂക്ഷിച്ച ചില്ലുകൂട് തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മിനിറ്റുകൾക്കുള്ളിൽ ഒമ്പത് അമൂല്യ വസ്തുക്കളാണ് കടത്തിയത്. മോഷണത്തെ തുടർന്ന് ഞായറാഴ്ച മുതൽ മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. ഫ്രഞ്ച് സാംസ്കാരിക മന്ത്രി രചിദ ദതിയാണ് കവർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ്. നഷ്‌ടപ്പെട്ട വസ്‌തുക്കളുടെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
മ്യൂസിയത്തിന് സമീപത്തെ റോഡിൽ ട്രക്ക് നിർത്തി യന്ത്രഗോവണി വഴിയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അറ്റക്കുറ്റപ്പണി നടക്കുന്ന ഭാഗത്ത് തൊഴിലാളികളുിടെ വേഷത്തിലാണ് മോഷ്ടാക്കൾ എത്തയത്. മുഖംമൂടിധാരികളായ മൂന്നുപേർ ഗ്യാലറിയിൽ കടന്ന് മോഷണം നടത്തിയശേഷം ചില്ലുകൾ തകർത്ത് പുറത്തുകടന്ന് ഇരുചക്രവാഹനങ്ങളിൽ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
നെപ്പോളിയൻ കാലഘട്ടത്തിലെ അമൂല്യ ആഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ലോകത്തിൽ ഏറ്റവും കൂടിതൽപേർ സന്ദർശിക്കുന്ന മ്യൂസിയമാണ് ലൂവ്ര്. നിരവധി ശിൽപങ്ങൾ, പെയിന്റിംഗുകൾ, പുരാവസ്തുക്കൾ ഉൾപ്പെടെ 33,000ത്തിലധികം കലാസൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമാണ് ലൂവ്ര്. ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളിൽ ഒന്നായ ലിയോനാർഡോ ഡാവിഞ്ചിയുടെ മോണലിസയും ലൂവ്ര് മ്യൂസിയത്തിലുണ്ട്. പ്രതിദിനം 30,000 പേർ വരെ മ്യൂസിയം സന്ദർശിക്കുന്നുണ്ട്.
വർഷങ്ങളായി മോണലിസയുടേതുൾപ്പെടെ നിരവധി മോഷണങ്ങൾക്കും കവർച്ച ശ്രമങ്ങൾക്കും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1911-ൽ, മ്യൂസിയത്തിൽ നിന്ന് ലിയോനാർഡോ ഡാവിഞ്ചിയുടെ ഛായാചിത്രം തൊഴിലാളിയായ വിൻസെൻസോ പെറുഗ്ഗി കോട്ടിനുള്ളിൽ ഒളിപ്പിച്ച് കടത്തി. രണ്ട് വർഷത്തിന് ശേഷം ഫ്ലോറൻസിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ലൂവ്രിലെ അവസാനത്തെ വൻ കവർച്ച 1983 ലായിരുന്നു. അന്ന് നവോത്ഥാന കാലഘട്ടത്തിലെ രണ്ട് കവചങ്ങൾ മ്യൂസിയത്തിൽ നിന്ന് മോഷ്ണം പോയി. മോഷ്ടിച്ച വസ്തുക്കൾ 2021 ൽ കണ്ടെടുത്തു.










0 comments