ഇടത് സര്‍ക്കാരുകളെ അട്ടിമറിക്കാൻ മയക്കുമരുന്ന് രാജാവിനെ ജയിലിന് പുറത്തെത്തിച്ചു, ട്രംപിനും നെതന്യാഹുവിനും എതിരായ ശബ്ദരേഖ പുറത്ത്

ടെഗുസിഗാൽപ്പ:മയക്കുമരുന്ന് രാജാവായ ഹോണ്ടുറാസ് മുൻ പ്രസിഡന്റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിനെ ജയിലിൽ നിന്ന് മോചിപ്പിച്ചത് ട്രംപിന്റെ നേത്വത്വത്തിലുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖകൾ പുറത്ത്. 'ഹോണ്ടുറാസ്ഗേറ്റ്' എന്നറിയപ്പെടുന്ന ഈ വെളിപ്പെടുത്തലുകൾ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചിരിക്കയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മൈലിയും, ഇസ്രായേൽ ഭരണകൂടവുമായി കൂട്ടുചേര്‍ന്ന് ഹെർണാണ്ടസിനെ വീണ്ടും അധികാര സ്ഥാനത്ത് എത്തിക്കാൻ പദ്ധതിയിട്ടതായാണ് ചോർന്ന ശബ്ദരേഖകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നിൽ മേഖലയിലെ ഇടത് സര്‍ക്കാരുകളെ അട്ടിമറിക്കലും ഒന്നു ചേര്‍ന്നുള്ള സമ്പത്ത് കൊള്ളയടിക്കലുമായിരുന്നു എന്ന് ശബ്ദരേഖയിൽ വ്യക്തമാവുന്നു.
നർക്കോ-ഡിക്റ്റേറ്റർ എന്നറിയപ്പെടുന്ന മുൻ പ്രസിഡന്റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസും നിലവിലെ ഹോണ്ടുറാൻ പ്രസിഡന്റ് നസ്രി അസ്‌ഫുറയും തമ്മിലുള്ള ശബ്ദരേഖകളാണ് 'ഹോണ്ടുറാസ്ഗേറ്റ്' എന്ന പേരിൽ പുറത്തെത്തിയിട്ടുള്ളത്.
2024-ൽ അമേരിക്കൻ കോടതി 45 വർഷം തടവിന് ശിക്ഷിച്ച മുൻ ഹോണ്ടുറാൻ പ്രസിഡന്റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിനെ 2025 ഡിസംബറിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകി വിട്ടയച്ചത്. ഈ മോചനത്തിന് പിന്നിൽ കേവലം രാഷ്ട്രീയമായ 'നീതി' മാത്രമല്ല, മറിച്ച് വലിയ സാമ്പത്തിക-തന്ത്രപരമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് 'ഡയറിയോ റെഡ്' പോലുള്ള മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖകൾ സൂചിപ്പിക്കുന്നു.
മയക്കുമരുന്ന് രാജാവിനെ വിട്ടയച്ച് തുടക്കം
ടൺ കണക്കിന് കൊക്കെയ്ൻ അമേരിക്കയിലേക്ക് കടത്തിയ കേസിൽ 45 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഹെർണാണ്ടസിനെ 2025 ഡിസംബറിൽ ട്രംപ് മാപ്പ് നൽകി വിട്ടയക്കുകയായിരുന്നു. മറ്റ് രാജ്യങ്ങളെയും രാജ്യതലവരെയും യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പേരിൽ നിരന്തരം വേട്ടയാടുമ്പോഴാണ് ഈ മോചിപ്പിക്കൽ ഉണ്ടായത്. മോചനത്തിനായി ഇസ്രായേലിലെ ചില റബ്ബിമാരും നിക്ഷേപകരും വരെ പണം നൽകിയെന്ന് ഓഡിയോയിൽ ഹെർണാണ്ടസ് സമ്മതിക്കുന്നുണ്ട്. തുടര്‍ന്നുള്ള രാഷ്ട്രീയ സാമ്പത്തിക പദ്ധതികളും ഇതിൽ വെളിപ്പെടുത്തുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും സംഘത്തിൽ പങ്കാളത്തമുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
നിലവിലെ ഹോണ്ടുറാൻ പ്രസിഡന്റ് നസ്രി അസ്‌ഫുറയെ നോക്കുകുത്തിയാക്കി അധികാരം തിരിച്ചുപിടിക്കാനാണ് ജയിൽ മോചിതനായ ഹെർണാണ്ടസ് ലക്ഷ്യമിടുന്നത്. ഇതിനായി ട്രംപിന്റെയും റോജർ സ്റ്റോണിന്റെയും പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രസിഡന്റും മുൻപ്രസിഡന്റും ഒരേ തീവ്ര വലതുപക്ഷ പാര്‍ടിക്കാരാണ് എങ്കിലും ഇടതുപക്ഷത്തെ തകര്‍ക്കുന്നതിൽ ശക്തി പോരെന്ന് കണ്ടെത്തിയാണ് മുൻ പ്രസിഡന്റിനെ ജയിലിൽ നിന്ന് പുറത്തെത്തിക്കുന്നത്.
ഹോണ്ടുറാസിലെ ഇടതുപക്ഷ പ്രതിപക്ഷത്തെ അടിച്ചമർത്താൻ 'ലാഫെയർ' (Law-fare) തന്ത്രങ്ങൾ ഉപയോഗിക്കുന്നതായും സുപ്രീം കോടതിയിലെയും ഇലക്ടറൽ കൗൺസിലിലെയും ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായും ശബ്ദരേഖകൾ സ്ഥിരീകരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ നിയമവ്യവസ്ഥയെയും കോടതികളെയും ഒരു ആയുധമായി ഉപയോഗിക്കുന്ന തന്ത്രത്തെയാണ് ലോഫെയർ എന്ന് വിളിക്കുന്നത്. "ജനങ്ങളെ നിയന്ത്രിക്കാൻ രക്തവും അക്രമവും ആവശ്യമാണ്" എന്ന ക്രൂരമായ പരാമർശവും ഹെർണാണ്ടസ് നടത്തുന്നുണ്ട്.
തീവ്രവാദിയെ വാഴിച്ചു, തീവ്രത പോരാഞ്ഞിട്ട്
ജയിലിലടച്ച പുള്ളിയെ ദൗത്യവുമായി പുറത്ത് വിട്ടു
2022 മുതൽ 2025 വരെ ഹോണ്ടുറാസ് ഭരിച്ചിരുന്നത് സിയോമാര കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരായിരുന്നു. 2025-ലെ തെരഞ്ഞെടുപ്പിൽ സിയോമാര കാസ്ട്രോയുടെ പാർട്ടിയായ 'ലിബ്രെ'യെ (LIBRE) പരാജയപ്പെടുത്തിക്കൊണ്ടാണ് അസ്‌ഫുറയും വലതുപക്ഷവും അധികാരം തിരിച്ചുപിടിച്ചത്. നസ്രി അസ്‌ഫുറയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ഡൊണാൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. ട്രംപ് അദ്ദേഹത്തെ "സ്വാതന്ത്ര്യത്തിന്റെ ഏക സുഹൃത്ത്" എന്നാണ് വിശേഷിപ്പിച്ചത്.
പൊതുമേഖലയുടെ വലിപ്പം കുറയ്ക്കുക (Small government), സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുക തുടങ്ങിയ വലതുപക്ഷ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളാണ് അസ്ഫുറ പിന്തുടരുന്നത്.
ഇടത് ചിന്തകളെ തകര്‍ക്കാൻ മാധ്യമ സെൽ
യു എസ് താത്പര്യങ്ങൾ നടപ്പാക്കുന്നതിൽ ഭരണകൂടത്തിന് തീവ്രത പോര എന്ന് കണ്ടെത്തി കൂടിയാണ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിനെ ജയിലിൽ നിന്നും പുറത്തിറക്കുന്നത്. ഇടത് വീക്ഷണമുള്ള ഭരണാധികാരികളെ മുഴുവൻ തകര്‍ക്കുക എന്ന ലക്ഷ്യം നൽകിയാണ് ഈ മോചനം നടത്തിയത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം എന്നിവരുടെ ഇടതുപക്ഷ സർക്കാരുകളെ തകർക്കാൻ ഒരു വലിയ മാധ്യമ സെൽ രൂപീകരിക്കാൻ പദ്ധതിയിട്ടതായും ചോര്‍ന്ന റിപ്പോർട്ടിലുണ്ട്. ഇതിനായി അർജന്റീന പ്രസിഡന്റ് ഹാവിയർ മൈലി 3,50,000 ഡോളർ വാഗ്ദാനം ചെയ്തതായി ശബ്ദരേഖയിൽ പറയുന്നു.
ഈ മാധ്യമ യുദ്ധം ആസൂത്രണം ചെയ്യുന്നത് വാഷിംഗ്ടണിലെ ഉന്നത കേന്ദ്രങ്ങളാണ്. അമേരിക്കയിൽ നിന്ന് പ്രവർത്തിക്കുന്നതിനാൽ ഇത് ഹോണ്ടുറാസിൽ നിന്നാണെന്ന് ആരും തിരിച്ചറിയില്ലെന്ന് ഹെർണാണ്ടസ് പറയുന്നുണ്ട്. ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ കുടുക്കാൻ ആവശ്യമായ രേഖകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അമേരിക്കയ്ക്ക് വലിയ ആനുകൂല്യങ്ങളും ഹോണ്ടുറാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ യു.എസ് സൈനിക താവളം, ഉന്നതര്‍ക്ക് താത്പര്യമുള്ള സ്വകാര്യ കമ്പനികൾക്ക് പരമാധികാരമുള്ള പ്രത്യേക സാമ്പത്തിക മേഖലകൾ (ZEDEs), പ്രമുഖ അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കിന് രാജ്യത്തെ വൻകിട പദ്ധതികൾ കൈമാറൽ- എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ട്രംപ് ഭരണകൂടവുമായും ഇസ്രായേലുമായും നേരിട്ട് ചർച്ചകൾ നടത്തുന്നത് ഹെർണാണ്ടസാണ്. ഈ വിദേശ ശക്തികൾക്ക് നൽകിയ വാഗ്ദാനങ്ങൾ (സൈനിക താവളം, ZEDEs തുടങ്ങിയവ) നടപ്പിലാക്കാൻ തനിക്ക് പൂർണ്ണ നിയന്ത്രണമുള്ള ഒരു ഭരണസംവിധാനം വേണമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. നിലവിലെ പ്രസിഡന്റിനെ ഇക്കാര്യങ്ങളിൽ വേഗത പോരാഞ്ഞതിന് അധിക്ഷേപിക്കുന്നുമുണ്ട്.
"നീ ആ കസേരയിൽ ഇരിക്കുന്നത് എന്റെ നന്ദികൊണ്ടാണ്. പ്രസിഡന്റ് ഞാനായിരിക്കും, നിന്റെ പിന്തുണ എനിക്ക് വേണം." എന്ന് പ്രസിഡന്റിനെ ഓര്‍മ്മപ്പെടുത്തുന്നു. അസ്‌ഫുറയെ ഒരു 'മുഖ്യൻ' ആക്കി നിർത്തിക്കൊണ്ട് പിന്നിൽ നിന്ന് ഭരണം നിയന്ത്രിക്കാനാണ് ഹെർണാണ്ടസ് അദ്ദേഹത്തെ മോചിപ്പിച്ചവരാൽ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നും ശബ്ദ രേഖയിൽ വ്യക്തമാവുന്നു.
ഫോണക്സിയ വോയ്‌സ് ഇൻസ്പെക്ടർ നടത്തിയ ഫോറൻസിക് പരിശോധനയിൽ ഈ ശബ്ദരേഖകൾ ആധികാരികമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന നഗ്നമായ ഇടപെടലുകളുടെ തെളിവായി ഈ സംഭവം മാറിയിരിക്കുകയാണ്.
'ഹോണ്ടുറാസ്ഗേറ്റ്' എന്നറിയപ്പെടുന്ന ഈ വെളിപ്പെടുത്തലുകൾ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലതുപക്ഷ കൂട്ടായ്മകൾ എങ്ങനെയാണ് ജനാധിപത്യപരമായ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. ഇതിനെതിരെ കൊളംബിയയും മെക്സിക്കോയും ഇതിനോടകം തന്നെ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.











0 comments