ഭക്ഷണമില്ല, ജോലി ചെയ്യാനും അനുവാദമില്ല, മാലിന്യ ലോറിയിൽ അതിര്‍ത്തി കടക്കാൻ ശ്രമിച്ച പലസ്തീനികൾ പിടിയിൽ

ജെറൂസലേം: തൊഴിൽ തേടി വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രയേലിലേക്ക് മാലിന്യ ട്രക്കിനുള്ളിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച 70 ഫലസ്തീനികളെ ഇസ്രയേൽ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി വെസ്റ്റ് ബാങ്ക് ചെക്ക്‌പോസ്റ്റിലെ പതിവ് പരിശോധനയിലാണ് മാലിന്യങ്ങളിൽ സ്വയം കുത്തിനിറച്ച മനുഷ്യരെ കണ്ടെത്തിയത്. ഭക്ഷണവും തൊഴിലും നിഷേധിക്കപ്പെട്ടതോടെ ജീവൻ തന്നെയും പണയം വെച്ച്, ഉപജീവനത്തിന് വഴിതേടിയുള്ള സാഹസിക യാത്രിയിലായിരുന്നു എഴുപത് പേരും.
സെൻട്രൽ ഇസ്രയേലിലേക്ക് പേകേണ്ടിയിരുന്ന ട്രക്ക് സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഞെട്ടിച്ച കാഴ്ച പുറത്തുവന്നത്. ട്രക്കിന്റെ മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഭാഗത്ത് ശ്വാസം മുട്ടുന്ന രീതിയിൽ കുത്തിനിറച്ച നിലയിലായിരുന്നു എഴുപതോളം പുരുഷന്മാർ.
ഇസ്രയേൽ പൊലീസ് പുറത്തുവിട്ട വീഡിയോയിൽ, തോക്കുകളേന്തിയ ഉദ്യോഗസ്ഥർ ട്രക്കിന് ചുറ്റും നിൽക്കുന്നതും പിന്നിലെ കമ്പാർട്ട്മെന്റ് തുറക്കുമ്പോൾ ഉള്ളിലിരുന്നവർ ഓരോരുത്തരായി കൈകൾ തലയ്ക്ക് പിന്നിൽ വെച്ച് പുറത്തിറങ്ങുന്നതും കാണാം. ട്രക് ഓടിച്ചിരുന്നത് ഒരു ഇസ്രായേൽ പൗരനാണ്. ഇയാളെ അറസ്റ്റ് ചെയ്തു. മതിയായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലായിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നും പറഞ്ഞു.
പട്ടിണിയും നിരാശയും നയിക്കുന്ന സാഹസം
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ പതിനായിരക്കണക്കിന് പലസ്തീനികളുടെ വർക്ക് പെർമിറ്റുകൾ ഇസ്രയേൽ റദ്ദാക്കിയിരുന്നു. ഇതോടെ ഉപജീവനമാർഗ്ഗം അടഞ്ഞ തൊഴിലാളികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളായ ഘട്ടത്തിലാണ്. യുദ്ധത്തിന് മുൻപ് നിർമ്മാണ മേഖലയിലും സേവന മേഖലയിലുമായി നിരവധി പലസ്തീനികൾ ഇസ്രായേലിൽ ജോലി ചെയ്തിരുന്നു. പെർമിറ്റുകൾ റദ്ദാക്കിയതോടെ ഇവർക്ക് വരുമാനം ഇല്ലാതായി. ജീവിതം വഴിമുട്ടി. ഇസ്രയേൽ തന്നെയും തൊഴിലാളി ക്ഷാമത്താൽ വീര്‍പ്പ് മുട്ടി. പല മേഖലകളും പ്രതിസന്ധിയിലായി. എന്നാൽ സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ നിയന്ത്രണങ്ങളിൽ ഉറച്ചു നിന്നു.
വാടക നൽകാനോ കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാനോ പോലും പണമില്ലാതെ പലരും കടക്കെണിയിലാണ്. സ്വന്തം സാധനങ്ങൾ വിറ്റാണ് പല കുടുംബങ്ങളും നിലവിൽ വിശപ്പടക്കുന്നത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നവർ അറസ്റ്റ് ചെയ്യപ്പെടാനോ, ചിലപ്പോൾ സായുധധാരികളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് വെടിയേൽക്കാനോ ഉള്ള സാധ്യതയുണ്ടായിട്ടും ഇത്തരം ശ്രമങ്ങൾ തുടരുന്നു. പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ ആഴം കൂടുതൽ സാഹസങ്ങളിലേക്ക് നയിക്കുന്നു.
പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്യലിനായി മാറ്റിയിരിക്കുകയാണ്. ആരെ പ്രവേശിപ്പിക്കണം എന്നത് തങ്ങളുടെ തീരുമാനമാണെന്നും പലസ്തീനികൾക്ക് ജോലി നൽകാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നുമാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്.










0 comments