വെസ്റ്റ്ബാങ്കിൽ കൈയേറ്റം വ്യാപിപ്പിക്കുന്നു

ജറുസലേം
ഗാസയിൽനിന്ന് പലസ്തീൻജനതയെ ഉന്മൂലനംചെയ്യുന്നതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിൽ ജൂതകൈയേറ്റം വ്യാപിപ്പിക്കാനൊരുങ്ങി ഇസ്രയേൽ. 22 ജൂത ആവാസകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും സർക്കാർ അനുമതിയില്ലാതെ നിർമിച്ച ഔട്ട്‌പോസ്റ്റുകൾ നിയമവിധേയമാക്കുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു. "ജൂഡിയയിലും സമരിയയിലും നമ്മുടെ പിടി ശക്തിപ്പെടുത്തുന്നു’ എന്ന് പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
2023 ഒക്ടോബർ 7-ന് ഗാസയിലെ ഇപ്പോഴത്തെ ആക്രമണം ആരംഭിക്കുന്നതിന് ഏറെ മുമ്പുതന്നെ വെസ്റ്റ് ബാങ്കിലെ കൈയേറ്റം വ്യാപിപ്പിക്കാനും പലസ്‌തീൻകാരെ പുറത്താക്കാനുമുള്ള പദ്ധതി ഇസ്രയേൽ ആരംഭിച്ചിരുന്നു. ഏകദേശം അഞ്ചുലക്ഷം ജൂതർക്കായി പ്രദേശത്തുടനീളം ഇസ്രയേൽ ഇതിനകം നൂറിലധികം വാസസ്ഥലങ്ങൾ പലഘട്ടങ്ങളിലായി നിർമിച്ചിട്ടുണ്ട്. ചെറിയ കുന്നിൻമുകളിലുള്ള ഔട്ട്‌പോസ്റ്റുകൾ മുതൽ അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. 1967ലെ യുദ്ധത്തിൽ ഗാസയ്ക്കും കിഴക്കൻ ജറുസലേമിനുമൊപ്പമാണ് വെസ്റ്റ് ബാങ്കും ഇസ്രയേൽ പിടിച്ചെടുത്തത്. ഈ മൂന്നു പ്രദേശങ്ങളും തങ്ങളുടെ ഭാവിരാഷ്ട്രത്തിന്റെ ഭാഗമായാണ് പലസ്‌തീൻ ജനത കാണുന്നത്. 30 ലക്ഷം പലസ്തീൻകാരാണ് ഇസ്രയേലി സൈനികഭരണത്തിൻ കീഴിൽ വെസ്റ്റ്ബാങ്കിൽ താമസിക്കുന്നത്.
അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രയേലിന്റെ കൈയേറ്റം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ഉന്നത കോടതി കഴിഞ്ഞവർഷം വിധിച്ചു. കുടിയേറ്റ നിർമാണം ഉടൻ നിർത്തണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തെ ഇസ്രയേൽ തള്ളിക്കളഞ്ഞു. 2005-ൽ ഗാസ മുനമ്പിൽനിന്ന് ഇസ്രയേൽ തങ്ങളുടെ കുടിയേറ്റം പിൻവലിച്ചിരുന്നു. എന്നാൽ ജൂതകൈയേറ്റം പുനഃസ്ഥാപിക്കണമെന്നും പ്രദേശത്തെ പലസ്തീൻ ജനതയെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കണമെന്നും അന്ന് ആവശ്യപ്പെട്ട നേതാക്കളാണ് നിലവിലെ സർക്കാരിനെ നയിക്കുന്നത്.









0 comments