നിലവിലുള്ള തലവൻ കമാൻഡര്‍ മൊഹമ്മദ് പക്‌പര്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സുപ്രധാന പദവിയിൽ എത്തിയത്
print edition അഹമ്മദ് വാഹിദി പുതിയ സെെനിക മേധാവി

തെഹ്‌റാൻ
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) പുതിയ സെെനികമേധാവിയായി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയെ നിയമിച്ചു. യുഎസ് -ഇസ്രയേൽ ആക്രമണത്തിൽ നിലവിലുള്ള തലവൻ കമാൻഡര്‍ മൊഹമ്മദ് പക്‌പര്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്. 2025 ഡിസംബർ മുതൽ ഐആർജിസിയുടെ ഡെപ്യൂട്ടി കമാൻഡറാണ്. ഇറാൻ നിർണായക ഘട്ടത്തിലൂടെ കടന്നുപോകവെയാണ് വാഹിദി സുപ്രധാന ചുമതലയേൽക്കുന്നത്. ഐആർജിസി സ്ഥാപക അംഗവും ഇറാൻ-–ഇറാഖ് യുദ്ധത്തിലെ സൈനികനുമായിരുന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകളുടെ പരിചയസമ്പത്ത് മുതൽക്കൂട്ടാണ്. 1988 മുതൽ 1997 വരെ ഖുദ്‌സ് ഫോഴ്‌സിന്റെ ആദ്യ കമാൻഡറായിരുന്നു.
2009 മുതൽ 2013 വരെ ഇറാൻ പ്രതിരോധ മന്ത്രിയായും 2021 മുതൽ 2024 വരെ ആഭ്യന്തര മന്ത്രിയായും സേവനമനുഷ്‌ഠിച്ചു. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധം നേരിടുന്നുണ്ട്. 1994-ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ ജൂത കമ്മ്യൂണിറ്റി സെന്റർ ബോംബാക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്റർപോൾ അദ്ദേഹത്തിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊല്ലപ്പെട്ട പ്രമുഖർ
അലി ശംഖാനി
ഇറാൻ പരാമോന്നത പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി-യുടെ സുരക്ഷാ ഉപദേഷ്ടാവ്. ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് ശംഖാനി മേൽനോട്ടം വഹിച്ചിരുന്നു. അതിന്റെ ഏറ്റവും അവസാന റൗണ്ട് വെള്ളിയാഴ്ച അവസാനിച്ചു. 2025 ജൂണിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെയും മുന്നിൽനിന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു. അന്ന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അടുത്തിടെയാണ് ഇറന്റെ പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറിയായത്.
ജനറൽ അബ്ദുൽ റഹീം മൗസാവി
ഇറാൻ ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ്. 2025 ജൂണിൽ ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ തന്റെ മുൻഗാമിയായ മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മൗസാവി സ്ഥാനം ഏറ്റെടുത്തത്. 2017 മുതൽ 2025 വരെ ഇറാൻ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായും കമാൻഡർ-ഇൻ-ചീഫായും സേവനമനുഷ്ഠിച്ചു. 1979ൽ സൈന്യത്തിൽ ചേർന്നു.
അസീസ് നസീർ സാദേ
പ്രതിരോധ മന്ത്രി- 2021 സെപ്റ്റംബർ മുതൽ 2024 വരെ ഇറാനിയൻ സായുധ സേനയുടെ ഡെപ്യൂട്ടി ഓഫ് ചീഫ് ഓഫ് സ്റ്റാഫും 2018 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഇറാൻ വ്യോമസേനയുടെ കമാൻഡറും. 2024 മുതൽ ഇറാൻ സൈനിക ഉദ്യോഗസ്ഥനും പ്രതിരോധ മന്ത്രിയുമാണ്.
മുഹമ്മദ് പക്പർ
ഇറാൻ റവലൂഷനറി ഗാർഡ് കമാൻഡർ ഇൻ ചീഫ്. - ഇസ്രയേൽ ലക്ഷ്യങ്ങൾക്കെതിരെയുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഗ്രൗണ്ട് ഫോഴ്‌സിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 12 ദിവസത്തെ യുദ്ധത്തിൽ ഹൊസൈൻ സലാമി മരിച്ചതിനെത്തുടർന്ന് 2025 ജൂൺ 13 ന് ഐആർജിസിയുടെ തലവനായി.










0 comments