ചെറുത്തുനിൽക്കാൻ ഇറാൻ; ഭീഷണിക്ക് വഴങ്ങില്ലെന്ന് മുന്നറിയിപ്പ്

തെഹ്റാൻ: അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ ശക്തമാക്കിയതിന് പിന്നാലെ തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ട്രംപിന്റെ സമ്മർദ തന്ത്രങ്ങളെ, ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ പ്രതിരോധിക്കുമെന്നും ഇറാൻ പറഞ്ഞു. യുഎസിന്റെ പുതിയ നിയന്ത്രണങ്ങളെ നിസാരവൽക്കരിച്ച ഇറാന്റെ പാർലമെന്റ് സ്പീക്കർ, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ കർശനമാക്കാനുള്ള സാമ്പത്തിക ശേഷി നിലവിൽ യുഎസിനില്ലെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അമേരിക്കക്കാരുടെ ഈ ഗർജനം ആരും വിലയ്ക്കെടുക്കില്ലെന്ന് അവർക്ക് തന്നെ അറിയാം. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ നിയന്ത്രിക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല യുഎസ്. മാധ്യമങ്ങളിലൂടെയും ഞങ്ങൾക്ക് അയച്ച സന്ദേശങ്ങളിലൂടെയും, തങ്ങൾ ഈ പ്രസ്താവനകളെ ഒട്ടും ഗൗരവമായി കാണുന്നില്ലെന്ന് ഇറാന്റെ വ്യാപാര പങ്കാളികൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ പറഞ്ഞു.
യുഎസ് ഉപരോധങ്ങളെ നേരിടാൻ പൂർണ സജ്ജമാണ് എന്ന് ഇറാൻ സാമ്പത്തിക കാര്യ മന്ത്രി അലി മദനിസാദെയും വ്യക്തമാക്കി.
അമേരിക്ക സാമ്പത്തിക ഭീകരാക്രമണം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ ഞങ്ങളുടെ പക്കലും സ്വന്തം ഉപകരണങ്ങളുണ്ട്, ഈ കളി എങ്ങനെ കളിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങളുടേത് ഇനി കേവലം പ്രതിരോധപരമായിരിക്കില്ലെന്ന് മദനിസാദെ പറഞ്ഞു.
ഇറാന്റെ സാമ്പത്തിക സഹായങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പ്രഖ്യാപിച്ച പുതിയ നടപടികൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ഡോളർ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്ന് ബെസ്സന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാന്റെ ഏതെല്ലാം വ്യാപാര പങ്കാളികളെയാണ് ലക്ഷ്യമിടുന്നതെന്നോ നിയന്ത്രണങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ വെളിപ്പെടുത്താൻ ബെസ്സന്റ് തയ്യാറായില്ല. എന്നാൽ പുതിയ നിർദേശം പാലിക്കാൻ അവർക്ക് സമയം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രഷറി ഡിപ്പാർട്ട്‌മെന്റ്, വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്‌ക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും എണ്ണക്കച്ചവടത്തിന് സഹായിക്കുന്നതുമായ ചൈനീസ് സാമ്പത്തിക സ്ഥാപനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം നിലവിൽ കൂടുതൽ ബാധിക്കുന്നത് ഗൾഫ് രാജ്യങ്ങളെയാണ്.









0 comments