"ഏത് ആക്രമണത്തിനും വിരൽ ട്രിഗറിൽ വെച്ച് ഉടനടി തിരിച്ചടി"; ട്രംപിന്റെ ഭീഷണിക്ക് മറുപടി

തെഹ്റാൻ/ വാഷിങ്ടൺ ഡി സി: മേഖലയിലെ അമേരിക്കൻ സൈനിക വിന്യാസം തങ്ങളെ "ഭയപ്പെടുത്തുന്നില്ല" എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. ഇറാനെതിരെ ശക്തമായ സൈനിക വ്യൂഹം അതിവേഗം നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ പ്രതികരണം. ഏത് ആക്രമണത്തിനും "വിരൽ ട്രിഗറിൽ വെച്ച്" ഉടനടി ശക്തമായി മറുപടി നൽകാൻ ഇറാൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ, അമേരിക്ക ആക്രമണം നടത്തിയാൽ ഗൾഫിലെ യുഎസ് താവളങ്ങളെ ഇറാൻ ലക്ഷ്യമിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "അമേരിക്കൻ മണ്ണിൽ ആക്രമണം നടത്തുന്നത് സാധ്യമായേക്കില്ല, പക്ഷേ മേഖലയിലെ അവരുടെ താവളങ്ങളെ ഞങ്ങൾ ലക്ഷ്യം വെക്കും," അരാഗ്‌ചി പറഞ്ഞു.
'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് പ്രകാരം മേഖലയിലാകെ ആക്രമണം നടത്താൻ ശേഷിയുള്ള ഏകദേശം 2,000 മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ കൈവശമുണ്ട്. കൂടാതെ ഗൾഫിലെ യുഎസ് താവളങ്ങളിൽ എത്താൻ ശേഷിയുള്ള ഹ്രസ്വദൂര മിസൈലുകളും അവർക്കുണ്ട്. ഗൾഫിലെ ഭൂരിഭാഗം യുഎസ് താവളങ്ങളും ഇറാന്റെ ഏതെങ്കിലും തരത്തിലുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരിധിയിൽ വരുന്നവയാണ്.









0 comments