ഹോർമുസ് തുറക്കാൻ ധാരണ; ഒമാനുമായി അന്തിമഘട്ട ചർച്ചയിൽ ഇറാൻ

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
തെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനായി ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ. കപ്പലുകൾ സഞ്ചരിക്കേണ്ട പാതയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾ സംബന്ധിച്ച് ഒമാനുമായി തീരുമാനമായി, കരാർ അന്തിമഘട്ടത്തിലാണ് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. എന്നിരുന്നാലും ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെങ്കിൽ ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ന്യായമല്ലാത്ത യുഎസ് ഉപരോധം പിൻവലിക്കണമെന്നും ബഗായ് മുന്നറിയിപ്പ് നൽകി.
ഫെബ്രുവരിയിലാണ് അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചത്. ഇതോടെ ലോകത്തെ അസംസ്കൃത എണ്ണയുടെയും എൽഎൻജിയുടെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് സുരക്ഷ മുൻനിർത്തി ഇറാൻ അടച്ചു. അതിനുശേഷം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ വർധിച്ചു.
അതേസമയം ഹോർമുസ് കടലിടുക്ക് വേഗം തുറന്നില്ലെങ്കിൽ ഇറാന് വളരെ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ചൊവ്വാഴ്ച വീണ്ടും യുദ്ധഭീഷണി മുഴക്കി. കയറ്റുമതി പുനരാരംഭിക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. എന്നാൽ അമേരിക്കയുമായി യാതൊരു ചർച്ചക്കും തയ്യാറാല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
ഒമാനുമായി തീരുമാനിച്ചിരിക്കുന്ന പുതിയ കപ്പൽപാത താൽക്കാലികമായിരിക്കും. 2-3 മാസം വരെ ഈ പാത തുറന്നിട്ടേക്കുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാദി വ്യക്തമാക്കി. പുതിയ പാതയുടെ വലിയ ഭാഗം കടന്നു പോകുന്നത് ഇറാനിലൂടെയാണ്. മറ്റു ഭാഗങ്ങൾ ഒമാനിലുമാണ്. കരാർ അന്തിമമായാൽ കപ്പൽ കടക്കുന്നതിന് 5 മുതൽ 7 ശതമാനം ഫീസ് ഈടാക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ 3 ശതമാനം ഫീസും ഏർപ്പെടുത്തിയേക്കും.









0 comments