ഇസ്രയേൽ വ്യോമതാവളത്തിന് നേരെ ഇറാൻ്റെ ബാലിസ്റ്റിക് മിസൈലാക്രമണം; വെടിനിർത്തൽ ലംഘിച്ചെന്ന് ഇറാൻ

ഇസ്രയേൽ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണം |Photo:ScreengrabX
ടെൽ അവീവ് : ലെബനനിൽ ഇസ്രയേൽ നടത്തുന്ന തുടർച്ചയായ സൈനിക നടപടികൾക്ക് മുന്നറിയിപ്പായി ഇസ്രയേലിന്റെ പ്രമുഖ വ്യോമതാവളമായ 'രമത് ഡേവിഡ്' ലക്ഷ്യമാക്കി ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു. ഞായറാഴ്ച വൈകിയാണ് ആക്രമണമുണ്ടായത്. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം , ഇവയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയതായും അറിയിച്ചു.
ദക്ഷിണ ലെബനനിലെ ടൈർ, നബാതിയ, ബെയ്റൂട്ടിലെ ദാഹിയ തുടങ്ങിയ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തുന്ന വ്യാപകമായ അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ജനങ്ങളെ കൂട്ടത്തോടെ പലായനം ചെയ്യിക്കുന്നതിനും എതിരെയുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണം തുടർന്നാൽ മേഖലയിലെ എല്ലാ അമേരിക്കൻ-സയണിസ്റ്റ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇതിലും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 8ന് അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ വ്യവസ്ഥകൾ ഇസ്രയേലും യുഎസും ലംഘിച്ചതായി ടെഹ്റാൻ കുറ്റപ്പെടുത്തി. പൂർണമായും ശത്രുത അവസാനിപ്പിക്കുക എന്ന വ്യവസ്ഥയിലാണ് കരാറുണ്ടാക്കിയത്. എന്നാൽ ഹോർമുസ് കടലിടുക്കിലും ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇറാനിയൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയും, ലെബനനിൽ അതിക്രമം തുടന്നും യുഎസും ഇസ്രയേലും വാഗ്ദാനങ്ങൾ ലംഘിച്ചതായി ഐആർജിസി ആരോപിച്ചു.
അതേസമയം, ഇറാന്റെ മിസൈൽ വർഷത്തിന് പിന്നാലെ ഇരുവിഭാഗത്തോടും ശാന്തത പാലിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. നിങ്ങൾ മിസൈലുകൾ അയച്ചു, അത് മതി. ഇനി ചർച്ചകളുടെ മേശയിലേക്ക് തിരിച്ചെത്തി ഒരു കരാറിലെത്താൻ ഞാൻ ഇറാനോട് നിർദ്ദേശിക്കുന്നു, എന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഏപ്രിലിൽ ഉണ്ടാക്കിയ യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ പുതിയ സംഭവവികാസങ്ങൾ.









0 comments