ad
Deshabhimani

print edition സ്ഥിരീകരിച്ച്‌ ഇറാൻ: ലാരിജാനിയും ഇന്റലിജൻസ്‌ മന്ത്രിയും കൊല്ലപ്പെട്ടു

Iran intelligence minister
വെബ് ഡെസ്ക്

Published on Mar 19, 2026, 02:08 AM | 1 min read

തെഹ്റാൻ: ഇറാന്റെ സുരക്ഷാ ക‍ൗൺസിൽ മേധാവി അലി ലാരിജാനിയും ഇന്റലിജൻസ്‌ മന്ത്രി ഇസ്‌മയിൽ കത്തീബും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന്‌ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌കിയൻ സ്ഥിരീകരിച്ചു. അർധസൈനിക വിഭാഗമായ ബാസിജിന്റെ കമാൻഡർ ഖോലംരേസ സുലൈമാനിയെയും കഴിഞ്ഞ ദിവസം ഇസ്രയേൽ വധിച്ചിരുന്നു. സുലൈമാനിയുടെ മരണം കഴിഞ്ഞ ദിവസംതന്നെ സ്ഥിരീകരിച്ചിരുന്നു. ലാരിജാനിയും മകനും അംഗരക്ഷകരും വ്യോമാക്രമണത്തിലാണ്‌ കൊല്ലപ്പെട്ടതെന്ന്‌ ഇറാൻ സ്റ്റേറ്റ്‌ ടെലിവിഷൻ റിപ്പോർട്ട്‌ചെയ്‌തു.


മതപണ്ഡിതനും ഇറാന്റെ പ്രധാന നേതാക്കളിലൊരാളുമായ കത്തീബ്‌ 2021ലാണ്‌ ഇന്റലിജൻസ്‌ മന്ത്രിയായത്‌. പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ ശിഷ്യനായിരുന്നു. ഖമനേയിയുടെ വധത്തിനുശേഷം കൊല്ലപ്പെടുന്ന ഉന്നത നേതാവായ ലാരിജാനി ഇറാന്റെ പ്രതിരോധത്തിന്റെ കരുത്തായിരുന്നു. യുഎസിനെയും ഇസ്രയേലിനെയും മുൾമുനയിൽ നിർത്തിയ പ്രത്യാക്രമണങ്ങളുടെ ആസൂത്രകനും. റംസാനിലെ അവസാന വെള്ളിയാഴ്‌ച സാമ്രാജ്യത്വ വിരുദ്ധ റാലിക്ക്‌ നേതൃത്വം നൽകി തെരുവിലിറങ്ങിയ ലാരിജാനി യുഎസിനെ അതിരൂക്ഷമായി വിമർശിച്ചു.


1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ്‌ ലാരിജാനി ഇറാൻ റെവല്യൂഷണറി ഗാർഡ്‌ കോറിന്റെ ഭാഗമാകുന്നത്‌. 2005ൽ ദേശീയ സുരക്ഷാ ക‍ൗൺസിൽ മേധാവിയായി. 2008 മുതൽ മൂന്നുതവണ പാർലമെന്റ്‌ സ്‌പീക്കറായി. 2025 ആഗസ്‌തിൽ വീണ്ടും ദേശീയ സുരക്ഷാ ക‍ൗൺസിൽ മേധാവിയായി. ബാസിജിന്റെ കമാൻഡർ ഖോലംരേസ സുലൈമാനിയും ഇറാൻ സൈന്യത്തിന്റെ നിർണായക കരുത്തായിരുന്നു. ഐആർജിസിയുടെ ഭാഗമായ അദ്ദേഹം 2019ലാണ്‌ ബാസിജിന്റെ തലപ്പത്തെത്തുന്നത്‌.


ലാരിജാനിയുടെ കൊലപാതകത്തിൽ ഇറാനിൽ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്‌. പ്രതികാരം ചെയ്യുമെന്ന്‌ ഇറാൻ വ്യക്തമാക്കി. ഐആർജിസി ഇസ്രയേലിൽ കനത്ത ആക്രമണം നടത്തിയതായും ടെൽ അവീവിലുൾപ്പെടെ വൻ നാശനഷ്‌ടമുണ്ടായതായും റിപ്പോർട്ടുണ്ട്‌. ചെകുത്താൻ സംഘത്തിന്റെ പ്രധാനിയാണ്‌ കൊല്ലപ്പെട്ടതെന്നും ഇറാന്റെ നേതൃത്വം നശിച്ചെന്നും യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രതികരിച്ചു. എന്നാൽ ലാരിജാനിയുടെ വധം ഇറാനെ തളർത്തിയിട്ടില്ലെന്നും രാജ്യത്തിന്‌ ശക്തമായ രാഷ്‌ട്രീയ നേതൃത്വമാണുള്ളതെന്ന്‌ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home