ഹോര്‍മുസിൽ 30 ചൈനീസ് കപ്പലുകൾക്ക് അനുമതി: ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയ ഇന്ത്യൻ കപ്പലിലെ ജീവനക്കാരെ കരയിലെത്തിച്ചു

മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ ഉപരോധം തുടരുന്നതിനിടെ തന്ത്രപ്രധാനമായ നീക്കങ്ങളുമായി ആഗോള ശക്തികൾ. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇന്ത്യൻ പതാക വഹിച്ച കപ്പൽ ഡ്രോൺ ആക്രമണത്തിൽ തകർന്നതും, ട്രംപ്-ഷി ചർച്ചകൾക്ക് പിന്നാലെ ചൈനീസ് കപ്പലുകൾക്ക് മാത്രം ഇറാൻ അനുമതി നൽകിയതും മേഖലയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഒമാൻ തീരത്ത് വെച്ച് 'എം എസ് വി ഹാജി അലി' എന്ന ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ബുധനാഴ്ച രാത്രിയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ സൊമാലിയയിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും തുടർന്ന് കടലിൽ മുങ്ങുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ട്രംപ് ചൈനയിൽ ചര്‍ച്ച തുടരവെ ഇളവ്
ഇറാൻ്റെ ഉപരോധം കാരണം നൂറുകണക്കിന് കപ്പലുകൾ മാസങ്ങളായി കുടുങ്ങിക്കിടക്കുമ്പോഴാണ് തങ്ങളുടെ സഖ്യകക്ഷിയായ ചൈനയ്ക്ക് ഇറാൻ ഇളവ് പ്രഖ്യാപിച്ചത്. ഇറാൻ്റെ 'മാനേജ്‌മെൻ്റ് പ്രോട്ടോക്കോളുകൾ' പാലിച്ച് 30 ചൈനീസ് കപ്പലുകൾക്ക് കടലിടുക്ക് മുറിച്ചുകടക്കാൻ അനുമതി ലഭിച്ചു. ബീജിംഗിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് ഈ നടപടി.
ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. കടലിടുക്കിലെ സൈനികവൽക്കരണത്തെ ഷി എതിർത്തു. ഭാവിയിൽ കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനും ചൈന സന്നദ്ധത പ്രകടിപ്പിച്ചു. ഇതിനിടെയാണ് ഇറാന്റെ അനുമതി പുറത്തു വരുന്നത്.
ഇന്ത്യ ആശങ്കയിൽ
ഹോർമുസ് ഉപരോധം ഇന്ത്യയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യയുടെ എണ്ണശേഖരത്തിൽ 15 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. നിലവിൽ ഇന്ത്യയുടെ കൈവശമുള്ള എണ്ണ ഏകദേശം 18 ദിവസത്തെ ആവശ്യങ്ങൾക്ക് മാത്രമേ തികയൂ എന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. പാചക വാതകത്തിന് പിന്നാലെ പെട്രോളിനും ഡീസലിനും രാജ്യത്ത് വിലവര്‍ധ പ്രഖ്യാപിച്ചിരിക്കയാണ്.
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുമ്പോഴും ഇറാനുമായുള്ള ബന്ധം സുഗമമാക്കാൻ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ല എന്ന പ്രതിസന്ധി നിലനിൽക്കുന്നു. അതേ സമയം റഷ്യൻ എണ്ണ വാങ്ങുന്നതിന് എതിരെയുള്ള അമേരിക്കൻ വിലക്ക് ഭീഷണിയായി തുടരുകയും ചെയ്യുന്നു.
ഹോര്‍മുസിൽ മുങ്ങുന്ന രണ്ടാമത്തെ കപ്പലാണ് ഹാജി അലി. ഒരാഴ്ച മുമ്പ് ഇറാനും അമേരിക്കയും തമ്മിലുള്ള വെടിവയ്പ്പിനിടെ ഗുജറാത്തിൽ നിന്നുള്ള 'അൽ ഫൈസ് നൂർ സുലൈമാനി -1' എന്ന കപ്പൽ മുങ്ങിയിരുന്നു. നേരത്തെ ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവുകൾ അനുവദിച്ചിരുന്നു.
ചൈനീസ് കപ്പലുകൾക്ക് ലഭിച്ച ഇളവ് ഒരു താൽക്കാലിക ആശ്വാസമാണെങ്കിലും, ഇന്ത്യൻ കപ്പലിന് നേരെ നടന്ന ആക്രമണം മേഖലയിലെ സുരക്ഷാ ഭീഷണി വർദ്ധിപ്പിക്കുകയാണ്. യുദ്ധം അവസാനിക്കാതെ കടലിടുക്ക് പൂർണ്ണമായി തുറക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.









0 comments