കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി ഇന്തോനേഷ്യ; 16 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങി

ജക്കാർത്ത: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി ഇന്തോനേഷ്യ. ശനിയാഴ്ച (മാർച്ച് 28) മുതൽ നിയമം പ്രാബല്യത്തിൽ വന്നു. കുട്ടികളെ സൈബർ ബുള്ളിയിംഗ്, അശ്ലീല ഉള്ളടക്കങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, സോഷ്യൽ മീഡിയ അഡിക്ഷൻ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക്ടോക്, യൂട്യൂബ്, എക്സ്, റോബ്ലോക്സ്, ബിഗോ ലൈവ് തുടങ്ങിയ 'ഹൈ-റിസ്‌ക്' വിഭാഗത്തിൽപ്പെട്ട ആപ്പുകൾക്കാണ് വിലക്ക് ബാധകം. 16 വയസ്സിൽ താഴെയുള്ളവരുടെ നിലവിലുള്ള അക്കൗണ്ടുകൾ ഘട്ടംഘട്ടമായി റദ്ദാക്കാൻ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നിർദ്ദേശം നൽകി.
എക്സ്, ബിഗോ ലൈവ് തുടങ്ങിയവ ഇതിനകം തന്നെ പ്രായപരിധി പരിഷ്കരിച്ചുകൊണ്ട് നിയമത്തോട് സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഏകദേശം 7 കോടിയോളം വരുന്ന കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
തെക്കുകിഴക്കൻ ഏഷ്യയിൽ ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഇന്തോനേഷ്യ. ഓസ്‌ട്രേലിയ കഴിഞ്ഞ വർഷം സമാനമായ നിയമം കൊണ്ടുവന്നിരുന്നു. കുട്ടികൾ ഡിജിറ്റൽ ലോകത്തിന് പകരം യഥാർത്ഥ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.










0 comments