ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുണ്ടായ അപകടം; മരണസംഖ്യ ഉയരുന്നു

indonesia school collapse

photo credit: X

വെബ് ഡെസ്ക്

Published on Oct 06, 2025, 12:40 PM | 2 min read

ജക്കാർത്ത : ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ഒരു ഡസനോളം വിദ്യാർഥികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. 54 മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. 104 പേർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. 98 പേരെ ചികിത്സ നൽകി വിട്ടയച്ചതായും 6 പേർ ചികിത്സയിൽ തുടരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജാക്ക്ഹാമറുകൾ ഘടിപ്പിച്ച ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്. ടൺ കണക്കിന് അവശിഷ്ടങ്ങൾ ഇതിനകം നീക്കം ചെയ്തു. കനത്ത കോൺക്രീറ്റ് സ്ലാബുകൾ വീണ്ടും ഇളകി വീഴുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.


കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടമാണ് സെപ്തംബർ 29 ന് ഇടിഞ്ഞുവീണത്. വിദ്യാർഥികൾ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥന നടത്തുന്നതിനിടെയാണ് നിർമാണത്തിലിരുന്ന കെട്ടിടം കുട്ടികളുടെ മുകളിലേക്ക് മുകളിലേക്ക് തകർന്നുവീണത്. ഏഴ് മുതൽ പതിനൊന്ന് വരെ ക്ലാസുകളിൽ പഠിക്കുന്ന 12 നും 18 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാ​ഗവും. 2,000-ത്തിലധികം കുട്ടികളാണ് പെസാൻട്രെൻ എന്നറിയപ്പെടുന്ന ബോർഡിങ് സ്കൂളിൽ പഠിക്കുന്നത്. രണ്ട് നില കെട്ടിടത്തിനകത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. എന്നാൽ അനുമതിയില്ലാതെ ഇതിന് മുകളിൽ രണ്ട് നില കൂടി പണിഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. നിലവാരമില്ലാത്ത നിർമാണമാണ് ദുരന്തത്തിന് കാരണമെന്ന് പുറത്തുവന്നതോടെ ഇന്തോനേഷ്യയിലെ അനധികൃത നിർമാണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


indonesia collapse


കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർത്ഥനയിലായിരുന്ന വിദ്യാർഥിനികൾ ഓടിമാറിയതിനാൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപെട്ടു. മുകളിലേക്ക് നില നിർമിക്കുന്നതിനായി കോൺക്രീറ്റ് ചെയ്തതിന്റെ ഭാരം താങ്ങാനാവാതെ കെട്ടിടം തകരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ടെൻത്ത് നവംബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നിർമ്മാണ വിദഗ്ധനായ മുദ്ജി ഇർമവാൻ പറഞ്ഞു. നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനുള്ളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കരുതെന്നും ഇർമവാൻ പറഞ്ഞു. നിർമാണം ആരംഭിക്കുന്നതിന് മുമ്പ് സ്കൂൾ മാനേജ്മെന്റ് ആവശ്യമായ പെർമിറ്റിന് അപേക്ഷിച്ചിരുന്നില്ലെന്ന് സിഡോർജോ ജില്ലാ മേധാവി സുബന്ദി വ്യക്തമാക്കി.


നഗരപ്രദേശങ്ങളല്ലാത്ത പ്രദേശങ്ങളിലെ പരമ്പരാഗത ബോർഡിംഗ് സ്കൂൾ എക്സ്റ്റൻഷനുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ പെർമിറ്റില്ലാതെയാണ് നിർമിച്ചതെന്നും സുബന്ദി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇന്തോനേഷ്യയുടെ 2002 ലെ കെട്ടിട നിർമ്മാണ കോഡ് പ്രകാരം, ഏതെങ്കിലും നിർമാണത്തിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പെർമിറ്റുകൾ നേടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉടമകൾക്ക് പിഴയും തടവുശിക്ഷയും ലഭിക്കും. നിർമാണ ലംഘനം മരണത്തിലേക്ക് നയിച്ചാൽ, ഇത് 15 വർഷം വരെ തടവും 8 ബില്യൺ റുപ്പിയ (ഏകദേശം 500,000 യുഎസ് ഡോളർ) വരെ പിഴയും ലഭിക്കും. അപകടത്തിനു ശേഷം സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home