ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്ന് ദുരന്തം: മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, 56 പേർക്കായി തിരച്ചിൽ

ജാവ: ഇന്തോനേഷ്യയിൽ തകർന്നു വീണ സ്കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് വെള്ളിയാഴ്ച മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി പുറത്തെടുത്തു. എട്ട് വിദ്യാർത്ഥികൾ മരിച്ചതായും ഏകദേശം 105 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. ഇനിയും 56 പേരെ കണ്ടെത്താനുള്ളതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു.
തിങ്കളാഴ്ചയാണ് നാല് നിലകളുളള സ്കൂൾ കെട്ടിടം തകർന്ന് വീണത്. ജാക്ക്ഹാമറുകൾ ഘടിപ്പിച്ച ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്. 13 പേരെ രക്ഷപെടുത്തി. വലിയ സ്ലാബുകൾ വീണുകിടക്കുന്നതിന് അടിയിൽ ഇനിയും കുട്ടികൾ ജീവനോടെ ഉണ്ടാവാം. അവർക്ക് കൂടുതൽ അപകടം സംഭവിക്കാം എന്നതാണ് ബീമുകളും സ്ലാബുകളും നീക്കം ചെയ്യുന്നതിന് തടസമാവുന്നത്. തുരങ്ക രൂപത്തിൽ വഴി നിർമ്മിക്കാനാണ് ശ്രമം.
ഇന്തോനേഷ്യയിലെ ജാവ ദ്വീപിന്റെ കിഴക്കൻ ഭാഗത്തുള്ള സിഡോർജോയിലെ നൂറ്റാണ്ട് പഴക്കമുള്ള അൽ ഖോസിനി ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ ഹാളാണ് തകർന്ന് വീണത്. നൂറുകണക്കിന് ആളുകൾ ഈ സമയത്ത് അകത്തുണ്ടായിരുന്നതായി റിപ്പോർടുകൾ പറയുന്നു.

രണ്ട് നില കെട്ടിടത്തിനകത്താണ് വിദ്യലായം പ്രവർത്തിച്ചിരുന്നത്. എന്നാൽ അനുമതിയില്ലാതെ ഇതിന് മുകളിൽ രണ്ട് നില കൂടി പണിയുകയാണ്. കോൺക്രീറ്റ് പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന കെട്ടിട ഭാഗമാണ് തകർന്നു വീണതെന്ന് വിവിധ മാധ്യമ റിപ്പോർടുകൾ പറയുന്നു. 1300 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണ്.
12 നും 19 നും ഇടയിൽ പ്രായമുള്ള ഏഴ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളായിരുന്നു വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർത്ഥന നടത്തിയിരുന്ന പെൺകുട്ടികൾ രക്ഷപെട്ടു.

വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളിൽ രണ്ടെണ്ണം പ്രാർത്ഥനാ ഹാൾ പരിസരത്തായിരുന്നു, ഒന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുപോലെ ഒരു എക്സിറ്റിനടുത്തായി കണ്ടെത്തിയതായി ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത ലഘൂകരണ ഏജൻസിയുടെ തലവനായ സുഹര്യാന്റോ പറഞ്ഞു.









0 comments