കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്ക്പിറ്റിൽ നിന്ന് പിടികൂടി

സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ വംശജനായ പൈലറ്റ് അറസ്റ്റിൽ. ഡെൽറ്റ എയർലൈൻസിന്റെ സഹപൈലറ്റ് റുസ്തം ഭഗവഗർ (34) ആണ് അറസ്റ്റിലായത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ കോക്ക്പിറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച രാവിലെ 7:05 നാണ് സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ വിമാനം ലാൻഡ് ചെയ്തത്. മിനിയാപൊളിസിൽ നിന്ന് എത്തിയ ഡെൽറ്റ ഫ്ലൈറ്റ് 2809 എന്ന ബോയിംഗ് 757-300 വിമാനത്തിലെ പൈലറ്റ് ആയിരുന്നു റുസ്തം. വിമാനം ലാൻഡ് ചെയ്ത് 10 മിനിറ്റിനു ശേഷം കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിലെ അധികാരികളും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷനിലെ ഏജന്റുമാരും കോക്ക്പിറ്റിൽ നിന്ന് റുസ്തമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യാത്രക്കാർ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നതെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു. റുസ്തത്തിന്റെ സഹപ്രവർത്തകർക്കും അറസ്റ്റ് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതീവ രഹസ്യമായായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 10 വയസിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ലൈംഗിക കുറ്റകൃത്യങ്ങളുടെ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് 2025 ഏപ്രിൽ മുതൽ ഡിറ്റക്ടീവുകൾ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിക്കെതിരെ പിന്നീട് റാമി അറസ്റ്റ് വാറണ്ട് ലഭിച്ചു. അറസ്റ്റിലായതിന് പിന്നാലെ മാർട്ടിനെസ് ഡിറ്റൻഷൻ ഫെസിലിറ്റിയിൽ തടവിൽ കഴിയുകയായിരുന്നു റുസ്തം. പിന്നീട് 5 മില്യൺ ഡോളർ ജാമ്യത്തിൽ വിട്ടയച്ചു.









0 comments