'ഞാൻ നിരവധി ജീവനുകൾ രക്ഷിച്ചു, വെനസ്വേലയെ സഹായിച്ചു'; മരിയ പുരസ്കാരം സ്വീകരിച്ചത് തനിക്കുവേണ്ടിയെന്ന് ട്രംപ്

വാഷിങ്ടൺ : ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കുന്ന വ്യക്തിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സമ്മാനിച്ചതിൽ ചോദ്യങ്ങളുയർന്നതിനിടെ വീണ്ടും നൊബേലിൽ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ നിരവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ടെന്നും വെനസ്വേല പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ പുരസ്കാരം സ്വീകരിച്ചത് തനിക്ക് വേണ്ടിയാണെന്നുമാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
മുമ്പ് നിരവധി തവണ സമാധാനത്തിനുള്ള നൊബേലിന് താൻ അർഹനാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ സമാധാനത്തിനുള്ള നൊബേൽ ലഭിക്കാൻ ഏറ്റവും അർഹൻ താനാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാൽ വെനസ്വേലയുടെ പ്രതിപക്ഷനേതാവും ജനാധിപത്യ സർക്കാരിനെതിരായ പ്രവർത്തനങ്ങളുടെ അമരക്കാരിയുമായ മരിയ കൊറിന മച്ചാഡോയ്ക്കാണ് പുരസ്കാരം ലഭിച്ചത്. തീവ്ര വലതുപക്ഷ പ്രവർത്തകയായ മരിയ ട്രംപിന്റെ അടുത്ത അനുയായിയാണ്. പുരസ്കാരം ട്രംപിന് സമർപ്പിക്കുന്നതായി മരിയ കൊറിന പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കുപകരമാണ് മരിയ പുരസ്കാരം സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞത്. വെനസ്വേലയിലെ ജനാധിപത്യസർക്കാരിനെതിരായ പ്രവർത്തനങ്ങളിൽ അമേരിക്കയുടെ പങ്ക് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഇരു നേതാക്കളുടെയും പ്രസ്താവനകൾ.
'നിങ്ങൾ ഇത് ശരിക്കും അർഹിക്കുന്നതിനാൽ ഞാൻ ഇത് സ്വീകരിക്കുന്നു'എന്നാണ് "നൊബേൽ സമ്മാനം ലഭിച്ച ആൾ എന്നെ വിളിച്ച് പറഞ്ഞത്. 'എനിക്ക് തരൂ' എന്ന് ഞാൻ പറഞ്ഞില്ല. അവർക്ക് അങ്ങനെ തോന്നുന്നുണ്ടാകാം. ഞാൻ അവരെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെനിസ്വേലയിൽ അവർക്ക് സഹായം ആവശ്യമായിരുന്നു. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിൽ ഞാൻ സന്തുഷ്ടനാണ്" വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ട്രംപ് സമാധാനത്തിനുള്ള നോബൽ സമ്മാനം അർഹിക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു.
വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തിലുള്ള ജനകീയ ഇടതുപക്ഷസര്‍ക്കാരിന്റെ മുഖ്യവിമര്‍ശകയും കടുത്ത അമേരിക്കന്‍, ഇസ്രയേല്‍ പക്ഷപാതിയും തീവ്രവലതുപക്ഷ നേതാവുമായ മരിയ കൊറിനയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചതോടെ പുരസ്കാരത്തിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ ചോദ്യങ്ങളുയർന്നിരുന്നു. രണ്ടുവര്‍ഷം നീണ്ട ഇസ്രയേലിന്റെ ഗാസ വംശഹത്യയില്‍ മൗനംപാലിച്ച നേതാവിനാണ് സമാധാന നൊബേൽ നൽകുന്നത്. ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കാനുള്ള പാശ്ചാത്യതന്ത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന മരിയ കൊറീന മച്ചാഡോയെ "വെനസ്വേലയുടെ മാര്‍ഗരറ്റ് താച്ചർ' എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വാഴ്‌ത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്രവലതു സഖ്യങ്ങളുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.









0 comments