സൗദി വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Image Credit : AL-Jazeera
സനാ : സൗദിയിലെ വിമാനത്താവളങ്ങൾക്കു നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. അബ്ഹ വിമാനത്താവളത്തിലെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് അധികൃതരുടെ കണക്ക്.
യെമനിലെ ഏഡൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികളുടെ വ്യോമാക്രമണം. വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം മിസൈൽ പതിച്ചതായി യെമൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ആക്രമണത്തെ തുടർന്ന് കെയ്റോയിൽനിന്ന് ഏഡനിലേക്ക് വരികയായിരുന്ന വിമാനം ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു.
വിമാനം ലാൻഡ് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് റൺവേയ്ക്ക് സമീപം മിസൈൽ പതിച്ചത്. കൂടുതൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ റൺവേയിലുണ്ടായിരുന്ന രണ്ട് വിമാനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ചാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്നാണ് യെമൻ ഗതാഗത മന്ത്രാലയത്തിന്റെ ആരോപണം.
യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര കവാടമാണ് ഏഡൻ വിമാനത്താവളം. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ വലിയ പ്രദേശം നിയന്ത്രിക്കുന്ന ഹൂതികൾക്കെതിരെ സൗദിയുടെ പിന്തുണയുള്ള സർക്കാർ സേന ശക്തമായ തിരിച്ചാക്രമണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം.
റിയാദിന് സമീപം ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ, സൗദി സേന നശിപ്പിച്ചതായി അറിയിച്ചു. തെക്കുപടിഞ്ഞാറൻ സൗദിയിലെ ഖമീസ് മുശൈത്തിന് നേരെയുണ്ടായ മറ്റൊരു മിസൈൽ ആക്രമണവും തടഞ്ഞതായി സൗദി അധികൃതർ അറിയിച്ചു. അതേസമയം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രോണാക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു.









0 comments