വിസാനിരക്ക് വർധന; പുതിയ അപേക്ഷകർക്ക് മാത്രമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: എച്ച് വൺ ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള പുതിയ വിവാദ തീരുമാനത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി വൈറ്റ് ഹൗസ്. വിസാനിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമാവും ബാധകമാവുകയെന്നും സെപ്തംബർ 21ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾക്ക് ഒഴികെയാണ് പുതിയ നിരക്ക് ബാധകമാവുകയെന്നും വൈറ്റ് ഹൗസ് വാദിക്കുന്നു.
എച്ച്-1ബി വിസ കൈവശം വച്ചിരിക്കുന്നവരും നിലവിൽ യുഎസിന് പുറത്തുള്ളവരുമായവർക്ക് വീണ്ടും പ്രവേശിക്കുന്നതിന് 100,000 യുഎസ് ഡോളർ ഈടാക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ട്വീറ്റിൽ പറയുന്നു. ഇത് പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകൾക്കും നിലവിലുള്ള വിസ ഉടമകൾക്കും ബാധകമല്ലെന്നും ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് വിസ നിരക്ക് കുത്തനെ വർധിപ്പിച്ച വിജ്ഞാപനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചത്. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളിൽ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് വൺ ബി വിസ.
ടെക് മേഖലകളിൽ ജോലി നോക്കുന്നവരെയാണ് പ്രധാനമായും പുതിയ പരിഷ്‌കാരം ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യയിൽനിന്നുള്ള ഉദ്യോഗാർഥികളെ. എച്ച് വൺ ബി വിസ അപേക്ഷകരുടെ കണക്കിൽ ഇന്ത്യ മുന്നിലാണ്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നിൽ. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളിൽ, ഒഴിവുകൾ നികത്താൻ പ്രയാസമുള്ള ജോലികളിൽ ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള ആളുകൾക്കായി 1990-ലാണ് എച്ച്1-ബി വിസ പദ്ധതി ആരംഭിച്ചത്. കുറഞ്ഞ വേതനം നൽകാനും തൊഴിൽ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കാനും ഇത് കമ്പനികളെ അനുവദിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് ജോലി തേടി യുഎസിലേക്ക് പോകുന്ന ഐടി ജീവനക്കാരെയാണ് പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയർത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയർത്തിയതെന്ന് ട്രംപ് പറഞ്ഞിരുന്നു.









0 comments