വിസ നിയന്ത്രണത്തിൽ നിന്നും ഡോക്ടർമാരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: ആരോഗ്യമേഖലയിൽ തിരിച്ചടിയാവുമെന്ന ആശങ്ക ഉയർന്നതോടെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കിയ എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് വര്‍ധനവില്‍നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഡോക്ടര്‍മാരും മെഡിക്കൽ റെസിഡന്റുമാരും ഉൾപ്പെടെയുള്ളവർക്ക് ഇളവ് നല്‍കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
വൈറ്റ്ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. വര്‍ധന പുതിയ അപേക്ഷകരെ ലക്ഷ്യമാക്കിയാണ്. ഇത് തിങ്കളാഴ്ച നിലവിൽ വന്നു.
നേരത്തെ എച്ച്1ബി വിസയ്ക്ക് 1700-5000 ഡോളര്‍ (1.49 ലക്ഷം-4.4 ലക്ഷം രൂപവരെ) മാത്രമായിരുന്നു. ഈ തുക ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവിൽ യുഎസിന് പുറത്തുള്ള വിസ ഉടമകൾ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിന് ഫീസ് നൽകേണ്ടതില്ല.
ബാധകമാവുക രണ്ട് ശതമാനം വിസകൾക്ക്
എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 2024-ല്‍ 71 ശതമാനവും ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകൾ ആയിരുന്നു. ചൈനക്കാരാണ് രണ്ടാമത് (11.7%).
മെഡിക്കൽ പ്രൊഫഷണലുകളുടെ കടുത്ത ക്ഷാമം നേരിടുന്ന രാജ്യമാണ് യു എസ്. H-1B അംഗീകാരങ്ങളുടെ ഏകദേശം 75% ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികളിലെ ടെക് റോളുകളിലേക്കാണ്. ഹെൽത്ത്കെയർ കമ്പനികൾ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഏകദേശം 2% മാത്രം. പ്രതിവർഷം ഏകദേശം 8,000 വിസകൾ എന്നാണ് കണക്കുകൾ.
അപ്പോഴും, യുഎസ് ഓരോ വർഷവും ആവശ്യമായതിന്റെ 30% ത്തിലധികം അന്താരാഷ്ട്ര മെഡിക്കൽ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുന്നു. 43,000 റെസിഡൻസി സ്ലോട്ടുകളിൽ ഓരോ വർഷവും വിദഗ്ദ്ധരെ ആവശ്യമാവുന്നു. 2024 ൽ മാത്രം ഏകദേശം 5,000 ഇന്ത്യൻ ഡോക്ടർമാർ യുഎസ് റെസിഡൻസി തസ്തികകളിലേക്ക് അപേക്ഷിച്ചു.
വിസ നിയന്ത്രണം തിരിച്ചടിക്കും എന്ന ഘട്ടത്താണ് മെഡിക്കൽ രംഗത്ത് ഇളവ് പരിഗണിക്കുന്നത്.









0 comments