അപലപിച്ച് ലോക രാജ്യങ്ങൾ
വെസ്ററ് ബാങ്കിലെത്തിയ നയതന്ത്രജ്ഞ സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രയേൽ സേന

ഇസ്രയേൽ ആക്രമണത്തിന്റെ ദുരന്തഫലങ്ങൾ നേരിൽ കാണാനെത്തിയ നിരീക്ഷക രാജ്യങ്ങളിലെ പ്രതിനിധികൾക്ക് നേരെ വെടിവെപ്പ്. ഇസ്രയേൽ പ്രതിരോധ സേനാംഗങ്ങളാണ് വെടിയുതിർത്തത്.
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്നതിനിടെയാണ് ഒരു കൂട്ടം വിദേശ നയതന്ത്രജ്ഞർക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ജെനിനിലെ മാനുഷിക സാഹചര്യം നിരീക്ഷിക്കാനുള്ള ഔദ്യോഗിക ദൗത്യത്തിനെത്തിയതായിരുന്നു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ.
20 ലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യുഎൻ ഏജൻസിയായ UNRWA യിലെ ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജെനിൻ ക്യാമ്പിലും വെസ്റ്റ് ബാങ്കിലെ മറ്റിടങ്ങളിലും ഇസ്രയേലിന്റെ മനുഷ്യത്വ വിരുദ്ധ നടപടികൾ സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെയാണ് സംഘം എത്തിയത്. യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ചൈന എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന വിദേശ നയതന്ത്രജ്ഞർ മുമ്പ് സമ്മതിച്ച പാതയിൽ നിന്ന് വ്യതിചലിച്ചതിനെത്തുടർന്ന് തങ്ങളുടെ സൈനികർ മുന്നറിയിപ്പ് വെടിയുതിർക്കുക മാത്രമായിരുന്നു എന്നാണ് ഇസ്രായേലി സൈന്യത്തിന്റെ ന്യായീകരണം.
ജനുവരി 21 ന് ഇസ്രായേൽ ‘ഓപ്പറേഷൻ അയേൺ ഡോം’ ആരംഭിച്ചതിനുശേഷം ഈ ക്യാമ്പിലേക്കുള്ള പ്രവേശനം ഏകദേശം അസാധ്യമാക്കി തീർത്തിരുന്നു. എല്ലാ താമസക്കാരെയും നിർബന്ധിതമായി മാറ്റിപ്പാർപ്പിച്ചു അവിടെയുള്ള ഐക്യരാഷ്ട്ര സഭാ സേവനങ്ങൾ പൂർണ്ണമായും നിർത്തിവെപ്പിക്കയും ചെയ്തു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ ജെനിൻ ക്യാമ്പിന്റെ കിഴക്കൻ പ്രവേശന കവാടത്തിനുള്ളിൽ പ്രതിനിധി സംഘം വെടിയുണ്ടകളിൽ നിന്നും രക്ഷപെടാൻ ഒളിച്ചിരിക്കുന്നത് കാണിക്കുന്നു. ഇതിനിടെ ഉച്ചത്തിലുള്ള വെടിയൊച്ചകൾ മുഴങ്ങുകയും ചെയ്യുന്നുണ്ട്. ഇസ്രായേലി സൈനിക യൂണിഫോമിലുള്ള രണ്ട് പേർ ലോഹ ഗേറ്റുകൾക്ക് പിന്നിൽ നിന്ന് ഒരു കൂട്ടം ആളുകൾക്ക് നേരെ തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെ ഇരുപതിലധികം രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നു.
മാർച്ച് 18 ന് വെടിനിർത്തൽ അവസാനിച്ചതിന് ശേഷം 3,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ കാണിക്കുന്നു. സഹായത്തിനും മനുഷ്യ കാരുണ്യ പ്രവർത്തനങ്ങൾക്കും ഇസ്രായേൽ കടുത്ത തടസ്സം സൃഷ്ടിക്കുന്നത് ആയിരക്കണക്കിന് ആളുകളെ പട്ടിണിയിലാക്കി.
ഇസ്രായേലിന്റെ എക്കാലത്തെയും സഖ്യകക്ഷിയായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും കഴിഞ്ഞ ആഴ്ച പശ്ചിമേഷ്യയിലേക്കുള്ള ഒരു യാത്രയിൽ ഇതിനെ അപലപിച്ചു.
കാനഡ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കളുടെ സംയുക്ത പ്രസ്താവനയും ഇസ്രായേലുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പ്രഖ്യാപനങ്ങളും, ഗാസയിലെ ക്രൂരമായ ആക്രമണത്തിൽ നെതന്യാഹു സർക്കാർ കൂടുതൽ ഒറ്റപെടുകയാണ് എന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് നയതന്ത്ര പ്രതിനിധി സംഘം എത്തയത്.
0 comments