ഗാസയിലേക്ക് സഹായമെത്തിക്കാൻ വീണ്ടും ഗ്രേറ്റ തുൻബെർഗും സംഘവും

ബാർസലോണ: ഇസ്രയേൽ പ്രതിരോധത്തെ മറികടന്ന് ഗാസയിലേക്ക് സഹായമെത്തിക്കാൻ വീണ്ടും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗും സംഘവും.ഗ്രേറ്റയ്ക്ക് പുറമെ ചരിത്രകാരൻ ക്ലിയോനികി അലക്‌സോപൗലോ, മനുഷ്യാവകാശ പ്രവർത്തകൻ യാസ്മിൻ അസർ, പരിസ്ഥിതി പ്രവർത്തകൻ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസർ, ശാസ്ത്രജ്ഞൻ കാരൻ മൊയ്‌നിഹാൻ തുടങ്ങി പല മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ല ബോട്ടിൽ ഗാസയിലേക്ക് പോകുന്നത്.
ഗാസയ്ക്കുള്ള സഹായഹസ്തവുമായി 20 ബോട്ടുകളാണ് ബാർസിലോനയിൽനിന്ന് ഗാസാ മുനമ്പിലേക്ക് ഞായറാഴ്ച പുറപ്പെട്ടത്. 44 രാജ്യങ്ങളിൽ നിന്നുള്ള 20 ബോട്ടുകളും പ്രതിനിധി സംഘങ്ങളും അടങ്ങുന്ന ഈ യാത്ര ഗാസയ്ക്ക് മേൽ ഇസ്രായേൽ തീർക്കുന്ന പ്രതിരോധത്തെ തകർക്കുക എന്ന ശ്രമത്തിന്റെ ഭാഗമാണ്.
അതേസമയം ഇറ്റലി, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ കപ്പലുകളും ഇവർക്കൊപ്പം ഗാസ മുനമ്പിലേക്കെത്തും. ഏകദേശം 70 ബോട്ടുകൾ ഈ ഉദ്യമത്തിൽ പങ്കെടുക്കുമെന്നും ഫ്‌ളോട്ടില്ല വക്താവ് സെയ്ഫ് അബുക ഷെക് പറഞ്ഞു.ഗാസയിലെ ജനങ്ങൾക്കായി ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ അടങ്ങിയ കിറ്റുകളാണ് 20 ബോട്ടുകളിലായി സജ്ജമാക്കിയിട്ടുള്ളത്.
ഇസ്രായേൽ ആക്രമണത്തിൽ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു.സെപ്തംബർ രണ്ടാം വാരം ബോട്ടുകൾ ഗാസയിൽ എത്തുമെന്നാണ് കരുതുന്നത്. പലസ്തീൻ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബാനറുകളും മുദ്രാവാക്യങ്ങളുമായി നിരവധിപേരാണ് ബോട്ടിന്റെ യാത്ര ചടങ്ങിലെത്തിയത്.









0 comments