ad
Deshabhimani

ഉഷ്ണതരംഗം രൂക്ഷം: ഫ്രാൻസിൽ ആണവനിലയങ്ങൾ താൽക്കാലികമായി അടച്ചു

france

ഫ്രാൻസിലെ ആണവനിലയം |Photo:AFP

വെബ് ഡെസ്ക്

Published on Jul 12, 2026, 10:16 PM | 1 min read

പാരീസ് : ഫ്രാൻസിൽ കടുത്ത ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന ആണവനിലയങ്ങൾ താൽക്കാലികമായി അടച്ചു. ഫ്രാൻസിലെ പ്രധാന ഊർജ്ജ വിതരണക്കാരായ ഇഡിഎഫ് ആണ് മൂന്ന് ആണവ റിയാക്ടറുകൾ താൽക്കാലികമായി നിർത്തിവെച്ചതായും എട്ടെണ്ണം കുറഞ്ഞ ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അറിയിച്ചത്. നദികളിലെ ജല താപനില ഉയരുന്നതും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളും പാലിക്കേണ്ടതിനാലാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.


ഗാരോൺ, റോൺ, മ്യൂസ് നദിക്കരകളിലായി സ്ഥിതി ചെയ്യുന്ന ഗോൽഫെക്, ബൂഗെ, ചൂസ് എന്നീ പ്ലാന്റുകളിലെ റിയാക്ടറുകളാണ് അടച്ചുപൂട്ടിയത്. ആണവനിലയങ്ങൾ തണുപ്പിക്കുന്നതിനായി നദികളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. റിയാക്ടറുകൾ തണുപ്പിച്ച ശേഷം പുറന്തള്ളുന്ന ചൂടുവെള്ളം നദികളിലെ താപനില വീണ്ടും ഉയരാൻ കാരണമാകും. ഉഷ്ണതരംഗം മൂലം നിലവിൽ നദികളിലെ വെള്ളം ചൂടായിരിക്കുന്ന സാഹചര്യത്തിൽ, പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാനാണ് റിയാക്ടറുകൾ ഓഫാക്കിയത്.


അതേസമയം, രാജ്യത്തെ വൈദ്യുതി വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ ബൂഗെ പ്ലാന്റിന് സമീപമുള്ള റോൺ നദിയിലെ താപനില പരിധിയിൽ ഇളവ് വരുത്തിക്കൊണ്ട് ധനകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിറക്കി. ജൂലൈ 20 വരെയാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. കടുത്ത ചൂട് കാരണം സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ഇഡിഎഫിന് റിയാക്ടറുകൾ അടച്ചുപൂട്ടേണ്ടി വരുന്നത്.


മേയ് മാസത്തിന് ശേഷം ഫ്രാൻസ് നേരിടുന്ന മൂന്നാമത്തെ വലിയ ഉഷ്ണതരംഗമാണിത്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശത്തിലാണ്. 2.5 കോടിയിലധികം ആളുകളാണ് 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ വലയുന്നത്. കടുത്ത ചൂടിനെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുകയും പ്രശസ്തമായ ടൂർ ഡി ഫ്രാൻസ് ഉൾപ്പെടെയുള്ള കായിക-സാംസ്കാരിക പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.


രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീ പടരുകയും, ചൂടിൽ നിന്ന് രക്ഷ നേടാൻ ജലാശയങ്ങളിൽ ഇറങ്ങിയവർ മുങ്ങിമരിക്കുന്ന സംഭവങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് യൂറോപ്പിലെ ഈ ആവർത്തിച്ചുള്ള ഉഷ്ണതരംഗങ്ങൾക്ക് കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home