നതാൻസ് ആണവ കേന്ദ്രത്തിലെ ഭൂഗർഭ അറയ്ക്ക് ആഘാതം
ഇസ്രയേലിനാകില്ല ഫോര്‍ദൊയെ തൊടാന്‍

ന്യൂയോര്‍ക്ക്
ഇറാനിലെ ആണവോര്‍ജകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ദിവസങ്ങളായി മിസൈല്‍വര്‍ഷം തുടരുകയാണ്. എത്രകാലം മിസൈല്‍ വര്‍ഷിച്ചാലും ഇസ്രയേലിന് തകര്‍ക്കാന്‍ പറ്റാത്ത ആണവ നിലയമാണ് ഇറാന്‍ ഫോര്‍ദൊയില്‍ പണിതിരിക്കുന്നത്. മറ്റേത് നിലയം തകര്‍ന്നാലും ഫോര്‍ദൊയെ പോറല്‍ ഏല്‍പ്പിക്കാന്‍പോലും ഇസ്രയേല്‍ ബോംബറുകള്‍ക്കാകില്ല. കാരണം, കൂറ്റന്‍ പര്‍വതത്തിന് അടിയില്‍ ഭൂമിയുടെ ആഴങ്ങളിലാണ് അവിടെ ആണവനിലയം. ഇത്തരം വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ടാണ് നിര്‍മിച്ചത്. ഫോർദൊയെ തകർക്കാൻ തക്ക ശക്തമായ ആയുധങ്ങൾ ഇപ്പോഴും ഇസ്രയേലിന്റെ കൈവശമില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെഹ്‌റാനിൽനിന്ന് 160 കിലോമീറ്റര്‍ അകലെ ഫോർദൊ ഗ്രാമത്തില്‍ പർവതത്തിനടിയിൽ 2000ന്റെ തുടക്കത്തിലാണ് നിലയം നിര്‍മിക്കാന്‍ തുടങ്ങിയത്. 2009ലാണ് അതിനെകുറിച്ചുള്ള വിവരം പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ ചെവിയിലെത്തുന്നത്. ഭൗമോപരിതലത്തില്‍നിന്ന് 80 മുതൽ 300 അടിവരെ താഴെയാണ് നിലയം. തുടർച്ചയായ ബോംബാക്രമണത്തെ അതിജീവിക്കാനുള്ള ശേഷിയോടെയാണ് ഇത് നിര്‍മിച്ചത്. അത്യന്താധുനിക ഇസ്രയേലി പടക്കോപ്പുകള്‍ക്കൊന്നും അവിടേക്ക് തുരന്ന് എത്താനാകില്ല. സുപ്രധാന മേഖലയ്ക്ക് റഷ്യന്‍നിര്‍മിത മിസൈല്‍ കവചവും ഒരുക്കിയിട്ടുണ്ട്.
ഇറാന്റെ അവസാനത്തേതും ഏറ്റവും നിർണായകവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ദൊയിലേത്. അതിനാല്‍ ഫോര്‍ദൊ തകര്‍ക്കുകയാണ് ഇസ്രയേലിന്റെ പരമപ്രധാന ലക്ഷ്യം.
അമേരിക്കയുടെ കൈവശമുണ്ടെന്ന് കരുതുന്ന 15 ടൺ ഭാരമുള്ള "ബങ്കർ ബസ്റ്റര്‍' ബോംബിന് ഫോര്‍ദൊയുടെ ആഴങ്ങളില്‍ എത്താന്‍ ശേഷിയുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് വിലയിരുത്തുന്നു. ഇത്രയേറെ ഭാരമുള്ള ബോംബുമായി പറക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളും അമേരിക്കന്‍ സൈന്യത്തിന് മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഇറാനെതിരെ അമേരിക്കയെ പ്രത്യക്ഷത്തില്‍ രംഗത്തിറക്കേണ്ടത് ഇസ്രയേലിന്റെ രാഷ്ട്രീയ ആവശ്യമാകുന്നത്.
നതാൻസ് ആണവ കേന്ദ്രത്തിലെ ഭൂഗർഭ അറയ്ക്ക് ആഘാതം
ഇറാനിലെ നതാൻസിലുള്ള ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിലെ ഭൂഗർഭ അറയിലെ സെൻട്രിഫ്യൂജ് യന്ത്രഭാഗങ്ങൾക്ക് ഇസ്രയേൽ വ്യോമാക്രമണത്തിൽ ആഘാതമേറ്റെന്ന് അന്തരാഷ്‌ട്ര ആണവോർജ ഏജൻസി(ഐഎഇഎ). വെള്ളിയാഴ്‌ചത്തെ ആക്രമണത്തിന് ശേഷമുള്ള ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ അവലോകനത്തിലാണ് ഈ വിലയിരുത്തല്‍. മുകൾനിലയിലുള്ള സമ്പുഷ്‌ടീകരണ ഹാളും കേന്ദ്രത്തിന് വൈദ്യുതി നൽകുന്ന സംവിധാനവും തകർന്നത് നേരത്തെ പുറത്തുവന്നിരുന്നു.










0 comments