അടച്ചുപൂട്ടൽ : യുഎസിൽ ഫെഡറൽ ജീവനക്കാരുടെ പിരിച്ചുവിടൽ ആരംഭിച്ചു

us shutdown
വെബ് ഡെസ്ക്

Published on Oct 11, 2025, 09:37 AM | 1 min read

വാഷിങ്ടൺ : സർക്കാർ അടച്ചുപൂട്ടൽ തുടരുന്നതിനിടെ ഡെമോക്രാറ്റുകളെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ച് ട്രംപ് ഭരണകൂടം. സർക്കാർ അടച്ചുപൂട്ടൽ പത്താം ദിവസത്തിലേക്ക് നീങ്ങിയതോടെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി. ആർഐഎഫ് (Reduction in Force) ആരംഭിച്ചതായി വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ റസ്സൽ വോട്ട് എക്‌സ് പോസ്റ്റിൽ പറഞ്ഞു. ഏഴ് ഏജൻസികൾ 4,000ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായും പിരിച്ചുവിടലുകൾ ​ഗണ്യമായി വർധിക്കുമെന്നും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഫെഡറൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്ന തന്റെ ദീർഘകാല ലക്ഷ്യത്തിനുവേണ്ടി അടച്ചുപൂട്ടലിനെ ഉപയോഗിക്കുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അടച്ചുപൂട്ടൽ ദിവസങ്ങൾ പിന്നിട്ടതോടെ പിരിച്ചുവിടൽ ആരംഭിക്കുകയും ചെയ്തു.


നിയമപ്രകാരം, ഫെഡറൽ ഗവൺമെന്റ് തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് അറിയിക്കാൻ കുറഞ്ഞത് 30 ദിവസം മുമ്പ് നോട്ടീസ് നൽകണം. വോട്ടിന്റെ ട്വീറ്റിന് ശേഷം, ട്രഷറി, ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (HHS) പോലുള്ള പ്രധാന വകുപ്പുകൾ ജീവനക്കാർക്ക് നോട്ടീസ് നൽകുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയിലെ തൊഴിലാളികളെ പിരിച്ചുവിടുമെന്നും അധിക‍തർ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിലെയും പരിസ്ഥിതി സംരക്ഷണ ഏജൻസിയിലെയും ജീവനക്കാർക്കും നോട്ടീസുകൾ ലഭിക്കുമെന്ന് ഏജൻസികളുടെ വക്താക്കളും ഫെഡറൽ തൊഴിലാളികളുടെ യൂണിയൻ പ്രതിനിധികളും പറഞ്ഞു. എന്നാൽ കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ല.


ഏകദേശം 750,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.


അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ്, എഎഫ്എൽ-സിഐഒ എന്നീ പ്രധാന യൂണിയനുകൾ, ഷട്ട്ഡൗണിനിടെ പിരിച്ചുവിടൽ നടത്താനുള്ള പദ്ധതികളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് കേസ് ഫയൽ ചെയ്തിരുന്നു. നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് വ്യക്തമാക്കിയതോടെ നീക്കം താൽക്കാലികമായി തടയാണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകൾ കലിഫോർണിയ ഫെഡറൽ കോടതിയെ സമീപിച്ചിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home