ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ 20ന് ചെറിയ പെരുന്നാൾ

ദുബായ് : ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ 20ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെത്തുടർന്ന് 20ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനും പ്രാർഥനകൾക്കും ശേഷമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിലാണ് ഇത്തവണ പെരുന്നാൾ ആഘോഷങ്ങള്‍.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള തുറസ്സായ സ്ഥലങ്ങളിലോ ഈദ്ഗാഹുകളിലോ പെരുന്നാൾ നമസ്‌കാരം അനുവദിക്കില്ലെന്നും ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് അതോറിറ്റി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം പരിഗണിച്ച് വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻകരുതൽ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. വിശ്വാസികൾ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു. തിരക്ക് ഒഴിവാക്കാനും നമസ്‌കാരം സുഗമമായി നടത്താനുമായി നേരത്തേ പള്ളികളിൽ എത്തിച്ചേരണമെന്നും അധികൃതർ നിർദേശിച്ചു.
രാജ്യത്തെ ജുമാ നമസ്‌കാരം നടക്കുന്ന എല്ലാ പള്ളികളിലും ഈദ് നമസ്‌കാരം രാവിലെ 6.08ന് നടത്തുമെന്ന് കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം. തുറസ്സായ മൈതാനങ്ങളിലോ പുറം പ്രാർഥനാ കേന്ദ്രങ്ങളിലോ ഈദ് നമസ്‌കാരങ്ങൾ സംഘടിപ്പിക്കില്ല. വിശ്വാസികൾ നിർദ്ദിഷ്ട പള്ളികളിൽതന്നെ പ്രാർഥന നിർവഹിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. പ്രാർഥനകൾ കൂടുതൽ ക്രമബദ്ധമായി നടത്തുന്നതിനും സൗകര്യപ്രദമായ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ക്രമീകരണമെന്നും മന്ത്രാലയം വ്യക്തമാക്കി.










0 comments