ad
Deshabhimani

print edition ക്യൂബയിൽ ജനസാഗരം: ‘റൗൾ ഇ‍ൗസ്‌ റൗൾ'

CUBA
വെബ് ഡെസ്ക്

Published on May 24, 2026, 12:45 AM | 1 min read

ഹവാന : ക്യൂബൻ വിപ്ലവനേതാവും മുൻ പ്രസിഡന്റുമായ റൗൾ കാസ്‌ട്രോയെ കള്ളക്കേസിൽ കുടുക്കാനുള്ള യുഎസ്‌ നീക്കത്തിനെതിരെ ക്യൂബയിൽ ജനലക്ഷങ്ങൾ തെരുവിലിറങ്ങി. ക്യൂബയുടെ സാമ്രാജ്യത്വ വിരുദ്ധ വികാരത്തെയാകെ സംഗ്രഹിക്കുന്ന മുദ്രാവാക്യമായി നാടാകെ ‘റ‍ൗൾ ഇ‍ൗസ്‌ റ‍ൗൾ’ (റൗൾ എന്നാൽ റൗൾ തന്നെ) മുദ്രാവാക്യം അലയടിച്ചു. റ‍ൗളിന്റെ 95–-ാം ജന്മദിനമായ വെള്ളിയാഴ്ച പടുകൂറ്റൻ റാലികളിൽ ഇരന്പിയാർത്ത ജനസാഗരം ഏതു പ്രതിസന്ധിയിലും ക്യൂബൻ വിപ്ലവലക്ഷ്യങ്ങൾ അമേരിക്കക്ക്‌ അടിയറവയ്ക്കില്ലെന്ന പ്രഖ്യാപനമായി. ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസിക്ക് മുന്നിൽ പുലർച്ചെ മുതൽ പതിനായിരങ്ങൾ തടിച്ചുകൂടി സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി.

വിരമിച്ച സൈനികരും ജനങ്ങളും തോളോടുതോൾ ചേർന്ന് അണിനിരന്നു. ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ദിയസ് കാനലിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ ക്യൂബൻ പതാകകളും റൗൾ കാസ്‌ട്രോയുടെ ചിത്രങ്ങളുമേന്തി ജനങ്ങൾ ഒഴുകിയെത്തി. മാതൃഭൂമിയുടെ വീരനായകരോട് ഒരുവിധത്തിലുമുള്ള അനാദരവും അനുവദിക്കില്ലെന്നും അമേരിക്കയുടെ പുതിയ അധിനിവേശനീക്കം തങ്ങളെ കൂടുതൽ ഒന്നിപ്പിച്ചിരിക്കുകയാണെന്നും ദിയസ്‌ കാനൽ ചൂണ്ടിക്കാട്ടി. 1996-ൽ ക്യൂബൻവിരുദ്ധ തീവ്രവാദ സംഘടനയായ "ബ്രദേഴ്സ് ടു ദി റെസ്ക്യൂ’വിന്റെ രണ്ടു വിമാനങ്ങൾ തകർന്ന സംഭവത്തിൽ അന്നത്തെ പ്രതിരോധമന്ത്രി റൗൾ കാസ്ട്രോക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് യുഎസ് നീതിന്യായ വകുപ്പ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്. വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വിമാനങ്ങൾ വെടിവെച്ചിട്ടതെന്ന് വ്യക്തമായ രേഖകളുള്ളതാണ്. എന്നാൽ റൗൾ കാസ്‌ട്രോയെ ലക്ഷ്യമിടുന്നതിലൂടെ ക്യൂബയിൽ ഭരണമാറ്റവും അധിനിവേശവും നട ത്താനുള്ള തന്ത്രമാണ് യുഎസ് മെനയുന്നത്‌. അമേരിക്കയുടെ ഇന്ധന ഉപരോധം കാരണം ക്യൂബ കടുത്ത ഊർജ പ്രതിസന്ധിയിലൂടെയും വൈദ്യുതി ക്ഷാമത്തിലൂടെയും കടന്നുപോകുന്ന ഘട്ടത്തിലാണ് യുഎസിന്റെ പുതിയ പ്രകോപനം.

പ്രതിസന്ധികൾക്കിടയിലും പതറാതെ വിപ്ലവ വീര്യത്തോടെയാണ് ജനങ്ങൾ ക്യൂബൻ സർക്കാരിനൊപ്പം നിൽക്കുന്നത്. വെനസ്വേലയിലും ഇറാനിലും യുഎസ് നടത്തിയ സമാനമായ അധിനിവേശ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, ക്യൂബയ്ക്കെതിരെയുള്ള യുഎസ് നീക്കത്തെ അതീവ ഗൗരവത്തോടെയാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ വീക്ഷിക്കുന്നത്. മേഖലയെ യുദ്ധക്കളമാക്കാനുള്ള യുഎസ്‌ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. റൗൾ കാസ്‌ട്രോക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേഖലയിലാകെ പ്രകടനങ്ങൾ നടന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home