നൂറ്റാണ്ടുകളോളം അടിമകളാക്കി; കൊളോണിയൽ ശക്തികൾ നഷ്ടപരിഹാരം നൽകണമെന്ന് കാരികോം

ഡിക്കൺ മിച്ചൽ photo credit: facebook
ഗയാന: ആഫ്രിക്കക്കാരെ അടിമകളാക്കിയതിലെ ചരിത്രപരമായ പങ്കിന് കൊളോണിയൽ ശക്തികൾ മാപ്പ് പറയുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് ഗ്രനേഡിയൻ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ.
ബാർബഡോസിൽ ബുധനാഴ്ച വച്ച് നടന്ന കരീബിയൻ കമ്മ്യൂണിറ്റിയുടെ (കാരികോം) 48-ാമത് യോഗത്തിലാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നിനോട് മിച്ചൽ ഇക്കാര്യം സൂചിപ്പിച്ചത്. ആദ്യമായാണ് ഒരു യൂറോപ്യൻ നേതാവ് കരീബിയൻ കമ്മ്യൂണിറ്റിയുടെ യോഗത്തിൽ പങ്കെടുക്കുന്നത്.
"അടിമത്തം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി അംഗീകരിക്കപ്പെടുന്നു. അതിനാൽ തന്നെ അടിമകളാക്കിയ സമൂഹത്തിന് നഷ്ടപരിഹാരം നൽകണം. അവരോട് മാപ്പ് പറയണം. ഇത് ഇനി ഒരിക്കലും സംഭവിക്കരുതെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ നാം നമ്മളോടും ഭാവി തലമുറകളോടും കടപ്പെട്ടിരിക്കുന്നു" മിച്ചൽ പറഞ്ഞു.
എന്നാൽ നഷ്ടപരിഹാരത്തെക്കുറിച്ച് പരാമർശിക്കാതെയായിരുന്നു വോൺ ഡെർ ലെയ്നിന്റെ മറുപടി. "അടിമത്തം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്.ഓരോ മനുഷ്യന്റെയും അന്തസും അവകാശങ്ങളും ഹനിക്കാൻ പാടുള്ളതല്ല, എല്ലാ വിധത്തിലും അവ സംരക്ഷിക്കപ്പെടണം". 15 മുതൽ 19-ാം നൂറ്റാണ്ട് വരെ, കുറഞ്ഞത് 1.25 കോടി ആഫ്രിക്കക്കാരെയെങ്കിലും യൂറോപ്യൻ വ്യാപാരികൾ തട്ടിക്കൊണ്ടുപോവുകയും അിമകളാക്കുകയും ചെയ്‌തിട്ടുണ്ട്. അടിമച്ചന്തയിൽ അവരെ വിറ്റിട്ടുണ്ട്' എന്നായിരുന്നു മറുപടി.
അടിമത്തത്തിനും കൊളോണിയലിസത്തിനും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം വളരെക്കാലമായി നിലനിൽക്കുന്നുണ്ട്. ലോകമെമ്പാടും, പ്രത്യേകിച്ച് കാരികോം, ആഫ്രിക്കൻ യൂണിയൻ (എയു) എന്നിവിടങ്ങളിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുന്നു.









0 comments