സഹോദരന്റെ 'പ്രിൻസ്' പദവി നീക്കം ചെയ്തു; കടുത്ത നടപടിയുമായി ചാൾസ് രാജാവ്

Andrew- photo afp
ലണ്ടൻ: ബ്രിട്ടനിൽ ചാൾസ് രാജാവ് തന്റെ സഹോദരൻ ആൻഡ്രൂവിന്റെ 'പ്രിൻസ്' പദവി നീക്കംചെയ്‌തു. ഇനി മുതൽ അദ്ദേഹം ആൻഡ്രൂ മൗണ്ട് ബാറ്റൺ- വിൻഡ്സർ എന്നറിയപ്പെടുമെന്ന് ബക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചു. അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതോടെയാണ് നടപടി. മറ്റു പദവികളും നീക്കംചെയ്യും. വിൻഡ്‌സർ കാസിലിനടുത്തുള്ള വീട്ടിൽ നിന്ന് ആൻ്രഡ്രൂവിനെ പുറത്താക്കി. ചാൾസിന്റെ ഇളയ സഹോദരനും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമാണ് അറുപത്തിയഞ്ചുകാരനായ ആൻഡ്രൂ.
തനിക്കുനേരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ആൻഡ്രു രാജകുമാരൻ നിഷേധിക്കുന്നുണ്ടെങ്കിലും ഈ നടപടി ഒഴിവാക്കാനാകാത്തതാണെന്നും കൊട്ടാരം അറിയിച്ചു. ആരോപണങ്ങളെല്ലാം തള്ളിയ ആൻഡ്രു നേരത്തെ ചാൾസ് രാജാവുമായി ചർച്ച നടത്തിയതിനുശേഷം രാജകീയ പദവികൾ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. എന്നാൽ അന്ന് രാജകുമാരൻ എന്ന പദവി നിലനിർത്തിയിരുന്നു. ഇതുകൂടി റദ്ദാക്കുന്നതാണ് ചാൾസ് രാജാവിന്റെ നടപടി.
ജെഫ്രിയുടെ മരണാനന്തരം പുറത്തിറങ്ങിയ 'നോബഡീസ് ഗേൾ: എ മെമ്മോറിയൽ ഓഫ് സർവൈവിങ് അബ്യൂസ് ആൻഡ് ഫൈറ്റിങ് ഫോർ ജസ്റ്റിസ്' എന്ന ഓർമക്കുറിപ്പ് പുസ്തകത്തിലാണ് ആൻഡ്രൂവിനെ കുറിച്ച് വെളിപ്പെടുത്തലുണ്ടായത്. 18 വയസിന് മുൻപ് മൂന്നുതവണ ആൻഡ്രൂവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും പുസ്തകത്തിലുണ്ട്.









0 comments