ഇറാന്റെ ഐആർജിസിയുമായി ബന്ധം; ബഹ്‌റൈനിൽ 41 പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
മനാമ : ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐആർജിസി) ബന്ധമുള്ള സംഘടനയിൽ അംഗങ്ങളാണെന്നാരോപിച്ച് ബഹ്‌റൈനിൽ 41 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് വിവരം പുറത്തുവിട്ടത്. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കെയാണ് ഇറാൻ അനുകൂല നീക്കങ്ങൾക്കെതിരെ ബഹ്‌റൈൻ നടപടി കടുപ്പിക്കുന്നത്.
അറസ്റ്റിലായവർക്കെതിരെ ചാരവൃത്തി, ഇസ്രയേൽ - യുഎസ് സഖ്യത്തിനെതിരായ ഇറാന്റെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിനിടെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പിന്തുണച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. യുദ്ധസമയത്ത് ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
ഇറാന്റെ ആക്രമണങ്ങളെ മഹത്വവൽക്കരിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി നേരത്തെയും നിരവധി പേരെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ അവസാനത്തിൽ ഇറാനെ പിന്തുണച്ചെന്ന് ആരോപിച്ച് 69 പേരുടെ പൗരത്വം ബഹ്‌റൈൻ റദ്ദാക്കിയിരുന്നു. പൗരത്വം റദ്ദാക്കിയ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശനം ഉന്നയിച്ചിരുന്നു.
ഐആർജിസി ബന്ധമുള്ള ഗ്രൂപ്പുകളെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.










0 comments