ഗർത്തത്തിൽ വീണ് അഥീന ‘മരിച്ചു’

ഫ്ളോറിഡ: ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിക്കവേ തലകീഴായി മറിഞ്ഞ അഥീന ലാന്ററിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. ദക്ഷിണ ധ്രൂവത്തിന് തൊട്ടടുത്ത് സോഫ്‌റ്റ് ലാന്റ് ചെയ്യാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കവേയാണ് പേടകത്തിന്റെ നിയന്ത്രണം നഷ്ടമായത്. മോൺസ് മൗററൻ മേഖലയിലെ ഗർത്തത്തിലാണ് പേടകം വീണത്. ചരിഞ്ഞ പ്രതലത്തിലോ പാറയിലോ തട്ടി മറിഞ്ഞതാകാമെന്നാണ് നിഗമനം. പിന്നീട് മണിക്കൂറുകളോളം സിഗ്‌നൽ ലഭിച്ചത് പ്രതീക്ഷ നൽകി.
പേടകത്തിലെ ക്യാമറകൾ അയച്ച ചിത്രങ്ങളിൽ നിന്നാണ് തലകീഴായി മറിഞ്ഞത് സ്ഥിരീകരിച്ചത്. സൗരോർജ പാനലുകൾ സൂര്യന് അഭിമുഖമല്ലാത്തതിനാൽ ബാറ്ററികളുടെ പ്രവർത്തനം നിലച്ചു. ഗർത്തത്തിലെ കൊടും ശൈത്യവും പ്രശ്‌നം സൃഷ്ടിച്ചു. ദൗത്യം അവസാനിച്ചതായി നാസയും പേടകം രൂപകൽപന ചെയ്‌ത ഇന്റൂയിറ്റീവ് മെഷീൻസും അറിയിച്ചു. വ്യാഴാഴ്‌ച നിശ്‌ചയിച്ചിരുന്ന സ്ഥലത്തുനിന്ന് 400 മീറ്റർ അകലെയാണ് പേടകം ഇറങ്ങിയത്. നാസയുടെ പഠനോപകരണങ്ങളുമായി രണ്ടാഴ്‌ചത്തെ പര്യവേക്ഷണമായിരുന്നു ലക്ഷ്യം.








0 comments