പാക് അഫ്ഗാൻ അതിർത്തിയിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വൻ സ്ഫോടനം. തിറ വാലിയിലെ മതൂർ ദാര പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവന്നത്.
പാകിസ്ഥാൻ താലിബാനുമായി (ടിടിപി) ബന്ധമുള്ള ഒരു കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് മരണങ്ങൾ സംഭവിച്ചതെന്ന് പാക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിലാണ് മരണങ്ങൾ സംഭവിച്ചതെന്ന് പ്രതിപക്ഷ എംപിമാരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട് ചെയ്തു. മരിച്ച 23 പേരിൽ ഏഴ് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് തിറയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു, "ജെറ്റുകൾ നാല് വീടുകളെ ലക്ഷ്യം വച്ചു, അവ പൂർണ്ണമായും തകർത്തു" എന്ന് കൂട്ടിച്ചേർത്തു.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ എംപിയായ ഇഖ്ബാൽ അഫ്രീദി “സുരക്ഷാ സേനയുടെ വിമാനങ്ങളാണ് ഷെല്ലാക്രമണം നടത്തിയത്. 23 പേർ കൊല്ലപ്പെട്ടത് അവരുടെ ഷെല്ലാക്രമണത്താലാണ്.” എന്ന് എഎഫ്‌പിയോട് പറഞ്ഞു.
പ്രാദേശിക പത്രപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും പങ്കിട്ട ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുട്ടികളുടേതുൾപ്പെടെയുള്ള മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്നതായി വ്യക്തമാവുന്നു.
തിരാ താഴ്‌വരയിലും ഖൈബർ പഖ്തൂൺഖ്വയുടെ മറ്റ് ഭാഗങ്ങളിലും പാക് സേന നടത്തുന്ന ആവർത്തിച്ചുള്ള ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് "സിവിലിയൻ ജീവിതത്തോടുള്ള ഭയാനകമായ അവഗണന" എന്ന് ജൂണിൽ ആംനസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിച്ചിരുന്നു.
ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ പ്രവിശ്യയിൽ 605 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ കുറഞ്ഞത് 138 സാധാരണക്കാരും 79 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ഖൈബർ, ബജൗർ, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ പാകിസ്ഥാൻ താലിബാനെതിരെ പാകിസ്ഥാൻ സുരക്ഷാ സേന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
പാകിസ്ഥാൻ താലിബാൻ, തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്നിവ അഫ്ഗാൻ താലിബാനുമായി സഖ്യത്തിലാണ. 2021 ൽ അഫ്ഗാൻ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം അവർ ശക്തിപ്പെട്ടു.









0 comments