അഫ്ഗാനിൽ വീണ്ടും ഭൂകമ്പം: 5.2 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. 1,400 പേരുടെ മരണത്തിന് കാരണമായ വലിയ ഭൂകമ്പമുണ്ടായി 48 മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും ഭൂചലനം. ഞായറാഴ്ച ഭൂകമ്പമുണ്ടായ സ്ഥലത്തിനടുത്തായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കുനാർ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പവും ഏറ്റവുമധികം ബാധിച്ചതും കുനാറിലായിരുന്നു. തുടർചലനങ്ങൾ സാധാരണമാണെന്നും ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അഫ്ഗാനിലെ ദുരന്തനിവാരണ സേന വക്താവ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയര്‍ന്നു. കുനാറിൽ മാത്രം 1,411 പേർ മരിച്ചു. 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. സമീപ പ്രവിശ്യയായ നംഗർഹാറിൽ 12 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്.
പ്രദേശത്ത് ഞായറാഴ്ച വൈകിട്ട് ആണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിനടുത്ത് എട്ട് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായത്. താലിബാൻ അധികൃതരും ഐക്യരാഷ്ട്രസഭയും ചേർന്നാണ് ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രദേശത്ത് ഇപ്പോഴും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പ്രവിശ്യകളിൽ ഭൂകമ്പമുണ്ടായതോടെ വ്യാപക നാശ നഷ്ടങ്ങളുണ്ടായി. മണ്ണും ചളിയും കൊണ്ട് നിർമിച്ച് വീടുകളാണ് പ്രദേശത്ത് അധികവും. ശക്തമായ ഭൂചലനത്തിൽ അത്തരം കെട്ടിടങ്ങളെല്ലാം തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരുക്കൻ ഭൂപ്രകൃതി രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.
2023 ഒക്ടോബർ 7 ന് അഫ്ഗാനിസ്ഥാനിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും ശക്തമായ തുടർചലനങ്ങളിലും കുറഞ്ഞത് 4,000 പേർ മരിച്ചതായി താലിബാൻ അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 1,500 പേരാണ് മരിച്ചത്.









0 comments