ഗൾഫ് സെക്ടറിൽ 47 സർവീസ് വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്

കരിപ്പൂർ: കേരള – ഗൾഫ് സെക്ടറിൽ 47 സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. കരിപ്പൂരിലും കണ്ണൂരിലുംനിന്ന് 13 വീതവും തിരുവനന്തപുരത്ത് 17ഉം നെടുമ്പാശേരിയിൽ നാലും സർവീസാണ് ബുധൻ മുതൽ പിൻവലിച്ചത്. ലാഭകരമായ സർവീസുകളാണ് നിർത്തിവയ്ക്കുന്നത്.
കരിപ്പൂരിൽനിന്ന് കുവൈത്തിലേക്കും നെടുമ്പാശ്ശേരിയിൽനിന്ന് സലാല, റിയാദ് സെക്ടറുകളിലേക്കുമുള്ള സർവീസ് നിർത്തി. തിരുവനന്തപുരത്തുനിന്നുള്ള ദുബായ് സർവീസും കണ്ണൂരിൽനിന്നുള്ള ബഹറൈൻ, ജിദ്ദ, ദമാം, കുവൈത്ത് സർവീസുകളും പൂർണമായും നിർത്തി.
കരിപ്പൂരിൽനിന്ന് അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് സർവീസും മസ്‌കത്തിലേക്കുള്ള നാല് സർവീസുമാണ് പിൻവലിച്ചത്. നെടുമ്പാശ്ശേരിയിൽനിന്ന് അബുദാബിയിലേക്കുള്ള മൂന്നും ദുബായിലേക്കുള്ള ഒരു സർവീസും പിൻവലിച്ചു. തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്കുള്ള രണ്ട് സർവീസും മസ്‌കത്ത്, ജിദ്ദ എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും ദോഹയിലേക്ക് രണ്ടും മനാമയിലേക്ക് ഒന്നും റിയാദിലേക്കുള്ള ആറും സർവീസ് നിർത്തി. കണ്ണൂരിൽനിന്ന് അബുദാബി, മസ്‌കത്ത് മൂന്ന് സർവീസും ദുബായ്, റാസൽഖൈമ ഓരോ സർവീസും ഷാർജയിലേക്കുള്ള അഞ്ച് സർവീസും പിൻവലിച്ചു.
വിമാനനിരക്ക് വർധനയിൽ പൊറുതിമുട്ടിയ പ്രവാസികൾക്ക് ഇരുട്ടടിയാണ് എയർ ഇന്ത്യാ എക്‌സ്‌പ്രസിന്റെ സർവീസ് നിർത്തൽ. യാത്രാക്ലേശവും ഇരട്ടിക്കും. തിരക്കേറിയ സെക്ടറുകളിൽനിന്ന് സർവീസ് പിൻവലിച്ചത് വിമാനനിരക്ക് ഉയരാൻ ഇടയാക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസ് സ്വകാര്യവൽക്കരിച്ചതിനു ശേഷമുള്ള പരിഷ്‌കാരമാണ് പിന്മാറ്റത്തിന് കാരണം.









0 comments