സമരം അവസാനിപ്പിക്കും; ജീവനക്കാരുമായി ധാരണയിലെത്തിയെന്ന് എയർ കാനഡ

ടൊറന്റോ : കാനഡയിലെ വലിയ എയർലൈനായ എയർ കാനഡയിലെ തൊഴിലാളി സമരം അവസാനിക്കുമെന്ന് സൂചന. പണിമുടക്കുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ യൂണിയൻ ചൊവ്വാഴ്ച രാവിലെ പണിമുടക്ക് അവസാനിപ്പിക്കാൻ എയർലൈനുമായി താൽക്കാലിക കരാറിലെത്തിയതായി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാൻ സമരം ആരംഭിച്ചത്. തുടർന്ന് ലോകവ്യാപകമായി എയർ കാനഡ സർവീസുകൾ റദ്ദാക്കിയിരുന്നു. എയർ കാനഡയും യൂണിയനും തിങ്കളാഴ്ച വൈകിയാണ് ചർച്ചകൾ പുനരാരംഭിച്ചത്. വേനൽക്കാല യാത്രാ സീസണിന്റെ ഉച്ചസ്ഥായിയിലാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിന് കാരണമായ പ്രധാന പ്രശ്‌നങ്ങളിലൊന്നായ പ്രതിഫലം സംബന്ധിച്ച് ധാരണയിലെത്തിയെന്നും യൂണിയൻ വ്യക്തമാക്കി. എയർ കാനഡയും യൂണിയനും ഏകദേശം എട്ട് മാസമായി കരാർ ചർച്ചകളിലാണെങ്കിലും വിമാനങ്ങൾ പറക്കാത്തപ്പോൾ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ചെയ്യുന്ന വേതനമില്ലാത്ത ജോലിയുടെ കാര്യത്തിൽ തീരുമാനത്തിലെത്തിയിരുന്നില്ല.
പണിമുടക്ക് നിയമവിരുദ്ധമാണെന്ന് എയർ കാനഡ പ്രഖ്യാപിച്ചിട്ടും ഫ്ലൈറ്റ് അറ്റൻഡന്റുകൾ ജോലിയിലേക്ക് മടങ്ങില്ലെന്ന് യൂണിയൻ അറിയിച്ചിരുന്നു. തുടർന്നാണ് ചർച്ചകൾ പുനരാരംഭിച്ചത്. തിങ്കളാഴ്ച കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് പണിമുടക്ക് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ഫ്ലൈറ്റ് അറ്റൻഡന്റുമാരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
കാനഡയിലെ തൊഴിൽ നിയമങ്ങൾ വ്യാഖ്യാനിക്കുന്ന ഒരു സ്വതന്ത്ര ഭരണ ട്രൈബ്യൂണലാണ് ബോർഡ്. ബോർഡിനോട് ഇടപെടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശം വെട്ടിക്കുറയ്ക്കുകയും അവരെ മധ്യസ്ഥതയ്ക്ക് നിർബന്ധിക്കുകയും ചെയ്യുന്ന നിയമം കനേഡിയൻ സർക്കാർ ആവർത്തിച്ച് ഉപയോഗിക്കുന്നതിനെ തൊഴിലാളി നേതാക്കൾ എതിർത്തു. തുറമുഖങ്ങളിലും റെയിൽവേയിലും മറ്റിടങ്ങളിലും നടന്ന തൊഴിലാളി സമരങ്ങളിലും ഈ നടപടി മുമ്പും സർക്കാർ സ്വീകരിച്ചതായി തൊഴിലാളികൾ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ മുതലാണ് പണിമുടക്ക് ജീവനക്കാർ ആരംഭിച്ചത്. 72 മണിക്കൂർ പണിമുടക്കാണ് ആരംഭിച്ചത്. ശമ്പളത്തിന്റെ കാര്യത്തിലും വിമാനങ്ങൾ പറക്കാത്തപ്പോൾ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ചെയ്യുന്ന ശമ്പളമില്ലാത്ത ജോലിയുടെ കാര്യത്തിലും തീരുമാനമാകാത്തതിനെത്തുടർന്നാണ് പണിമുടക്കെന്ന് യൂണിയൻ വ്യക്തമാക്കി. പ്രതിദിനം 700 ഓളം വിമാന സർവീസുകളാണ് എയർ കാനഡ നടത്തുന്നത്. തിങ്കളാഴ്ച ഉച്ചവരെ എയർ കാനഡ 1,219 ആഭ്യന്തര വിമാന സർവീസുകളും 1,339 അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവച്ചതായി ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറഞ്ഞു.









0 comments