താലിബാൻ പ്രതിനിധി എത്തുന്നത് ആദ്യം
അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഡൽഹിയും കാബൂളും അടുക്കുന്നു എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ മുത്താക്കിക്ക് യാത്രാ ഇളവ് അനുവദിച്ചതിന് ശേഷമാണ് ഇന്ത്യാ സന്ദർശനം.
അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യുന്നതിന്, 1988 ലെ യുഎന്നിന്റെ ഉപരോധ സമിതിയിൽ നിന്ന് അദ്ദേഹത്തിന് ഇളവ് ആവശ്യമായിരുന്നു. ഉപരോധം കാരണം നേരത്തെ പാകിസ്ഥാൻ യാത്ര മുടങ്ങിയിരുന്നു.
ഒക്ടോബർ 9 മുതൽ 10 വരെ ആമിർ ഖാൻ മുത്താക്കി ഡൽഹിയിൽ ഉണ്ടാകുമെന്നാണ് വാർത്തകൾ. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
2021 ഓഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഉന്നത മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാവും ഇത്. ഇതുവരെ താലിബാൻ ഭരണകൂടവുമായി അകലം പാലിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. 2021 മുതൽ കാബൂളുമായി പ്രായോഗികമായി ഇടപഴകിയിട്ടുണ്ട്. പ്രത്യേകിച്ച് ചബഹാർ തുറമുഖ പദ്ധതി വഴി മാനുഷിക സഹായത്തിനും വ്യാപാര സൗകര്യത്തിനും, നയതന്ത്ര ബന്ധങ്ങൾ പുലർത്തി. പാകിസ്ഥാനുമായുള്ള വഷളയാ ബന്ധവും ഈ സാഹചര്യത്തിൽ ഘടകമാവുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.
ഈ വർഷം ആദ്യം, ജനുവരിയിൽ, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദുബായിൽ വെച്ച് മുത്താക്കിയെ കാണുകയും അഫ്ഗാനിസ്ഥാന്റെ ആരോഗ്യ മേഖലയ്ക്കും അഭയാർത്ഥി പുനരധിവാസത്തിനുമുള്ള ഇന്ത്യയുടെ മാനുഷിക സഹായത്തെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു.
കാബൂളിലെ സർക്കാർ ഇന്ത്യയെ "പ്രധാനപ്പെട്ട പ്രാദേശിക, സാമ്പത്തിക പങ്കാളി" എന്നാണ് വിശേഷിപ്പിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ വിഭാഗത്തിന്റെ ജോയിന്റ് സെക്രട്ടറിയായ ഇന്ത്യൻ നയതന്ത്രജ്ഞൻ ആനന്ദ് പ്രകാശ് ഈ വർഷം ഏപ്രിലിൽ കാബൂളിൽ വെച്ച് മുത്താക്കിയെ കണ്ടു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് തൊട്ടുപിന്നാലെ മെയ് മാസത്തിൽ, വിദേശകാര്യ മന്ത്രി ഡോ എസ് ജയ്ശങ്കർ മുത്താക്കിയുമായി സംസാരിച്ചു.









0 comments