അഫ്‌ഗാൻ ഭൂകമ്പം: മരണം 1400 കടന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. 3,000 ത്തിലധികം പേർക്ക് പരിക്കേറ്റതായി താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സിൽ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. നിരവധി പ്രവിശ്യകളിൽ ഭൂകമ്പമുണ്ടായതോടെ വ്യാപക നാശ നഷ്ടങ്ങളുണ്ടായി.
മണ്ണും ചളിയും കൊണ്ട് നിർമിച്ച് വീടുകളാണ് പ്രദേശത്ത് അധികവും. ശക്തമായ ഭൂചലനത്തിൽ അത്തരം കെട്ടിടങ്ങളെല്ലാം തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരുക്കൻ ഭൂപ്രകൃതി രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.
പ്രദേശത്ത് ഞായറാഴ്ച വൈകിട്ട് ആണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിനടുത്ത് എട്ട് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായത്. താലിബാൻ അധികൃതരും ഐക്യരാഷ്ട്രസഭയും ചേർന്നാണ് ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഭൂകമ്പം 12 ലക്ഷം പേരെ ബാധിച്ചതായാണ് അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട്. കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ അഞ്ചോളം പ്രവശ്യകളിലാണ് വ്യാപകമായി ആളപായവും നാശനഷ്‌ടവും ഉണ്ടായത്.വീട് തകർന്നപ്പോൾ തെരുവിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു പലരും.
നിരവധിപേർ വീടുകളിൽ കുടുങ്ങി. നൂർഗൽ ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ ഭൂരിഭാഗം പേരും അവശിഷ്‌ടങ്ങളിൽക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഭൂകമ്പബാധിത പ്രദേശങ്ങളിൽ ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്നതായി യുഎൻ ലോക ഭക്ഷ്യ പരിപാടി അറിയിച്ചു.
2023 ഒക്ടോബർ 7 ന് അഫ്ഗാനിസ്ഥാനിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും ശക്തമായ തുടർചലനങ്ങളിലും കുറഞ്ഞത് 4,000 പേർ മരിച്ചതായി താലിബാൻ അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 1,500 പേരാണ് മരിച്ചത്.









0 comments