ശ്രമം പുതിയ സൗഹൃദ സഖ്യത്തിനോ
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈനയിൽ

ബെയ്ജിംഗ്: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തിനിടെ ചൈനയുടെ പിന്തുണ തേടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈന സന്ദർശിക്കുന്നു. ഫെബ്രുവരിയിലുണ്ടായ സൈനിക നീക്കങ്ങൾക്കും ആഗോള എണ്ണ വിപണിയിലുണ്ടായ തകർച്ചയ്ക്കും ശേഷമുള്ള ഏറ്റവും നിർണ്ണായകമായ സന്ദർശനമാണിത്.
ഏപ്രിൽ അവസാനവാരത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അബ്ബാസ് അരാഗ്‌ചിയും തമ്മിലുണ്ടായ കൂടിക്കാഴ്ച നയതന്ത്ര രംഗങ്ങളിൽ ചര്‍ച്ചയായിരുന്നു. മോസ്കോയിൽ ആയിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് ചൈനയിലും എത്തുന്നത്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ചൈന ഇറാന് അനുകൂലമായ നിലപാട് എടുത്തിരുന്നു.
Related News
മെയ് 14-ന് നടക്കാനിരിക്കുന്ന യുഎസ്-ചൈന ഉച്ചകോടിക്ക് മുന്നോടിയായി ഇറാന്റെ നിലപാടുകൾ ചൈനയെ ബോധ്യപ്പെടുത്തുക എന്നതും മെയ് അഞ്ചിലെ യാത്രയുടെ ലക്ഷ്യമായി പറയുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കെതിരെ ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാൻ നേരത്തെ തന്നെ ഇറാൻ ശ്രമിച്ചിരുന്നു.
മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ ഒരു 'യൂണൈറ്റഡ് ഫ്രണ്ട്' എന്ന ആശയം ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോര്‍ടുകൾ ഉണ്ടായിരുന്നു. ഒമാൻ, പാകിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് അരാഗ്‌ചി ചൈനയിലെത്തുന്നത്.
നിലവിൽ ഇറാനും അമേരിക്കയും തമ്മിൽ പ്രഖ്യാപിച്ചിട്ടുള്ള വെടിനിർത്തൽ തികച്ചും ദുർബലമായ ഒരു അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ചൈനയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കുക എന്നത് ഇറാന് വളരെ പ്രധാനമാണ്.










0 comments