പാക് – അഫ്ഗാൻ അതിർത്തിയിലെ സംഘർഷം: 58 പാക് സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ

കാബൂൾ: പാകിസ്ഥാൻ - അഫ്ഗാൻ അതിർത്തിയിൽ സംഘർഷം തുടരുന്നു. ശനിയാഴ്ച രാത്രിയിൽ അതിർത്തിയിൽ സൈന്യങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 58 പാക് സൈനികരെ കൊലപ്പെടുത്തിയതായി താലിബാൻ അവകാശപ്പെട്ടു. താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ഇക്കാര്യം അറിയിച്ചതായി അഫ്ഗാനിസ്ഥാൻ വാർത്താ ഏജൻസിയായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Related News
ഡ്യൂറണ്ട് രേഖയിലെ പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. 20 താലിബാൻകാരും സംഘർഷത്തിൽ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റതായും സബീഹുള്ള പറഞ്ഞു. അതേസമയം, അതിർത്തികൾ പ്രതിരോധിക്കാൻ അഫ്ഗാൻ സൈന്യം സജ്ജമാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രി മൗലവി മൊഹമ്മദ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഹെൽമണ്ട്, കാണ്ഡഹാർ, പക്തിക, ഖോസ്റ്റ്, പക്തിയ, സാബുൽ, നംഗർഹാർ, കുനാർ പ്രവിശ്യകളിലെ സൈനിക, സായുധ ഔട്ട്‌പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള പാക് ആക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിർത്തിയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താക്കി പറഞ്ഞു. 'സമാധാനപരമായ പരിഹാരമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, പക്ഷേ സമാധാന ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ, ഞങ്ങൾക്ക് മറ്റ് മാർഗങ്ങളുണ്ട്'- മുത്താക്കി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും സുരക്ഷാ സേനകൾ തമ്മിൽ ശനിയാഴ്ച രാത്രിയിൽ ഏറ്റുമുട്ടലുണ്ടായതോടെ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചു. തോർഖാം, ചാമൻ എന്നീ പ്രധാന ക്രോസിംഗുകളാണ് അടച്ചത്.









0 comments