പെറുവിൽ കുട്ടിയുടെ മമ്മി കണ്ടെത്തി; ആയിരം വർഷത്തോളം പഴക്കം

photo credit: X
ലിമ: പെറുവിൽ ആയിരം വർഷം പഴക്കമുള്ള മമ്മി കണ്ടെത്തിയതായി റിപ്പോർട്ട്. ഗ്യാസ് തൊഴിലാളികൾ വടക്കൻ ലിമയിലെ പ്യൂന്റെ പിയേദ്ര ജില്ലയിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനിടെയാണ് മമ്മി കണ്ടെത്തിയത്.
10 നും 15 നും ഇടയിൽ പ്രായമുള്ള ഒരു ആൺകുട്ടിയുടെ മമ്മിയാണെന്നാണ് നിഗമനം. 1000 നും 1200 നും ഇടയിൽ വികസിച്ച ശൈലിയുമായി കണ്ടെത്തിയ വസ്‌തുക്കൾക്ക് സാമ്യമുണ്ടെന്ന് പുരാവസ്‌തു ശാസ്‌ത്രജ്ഞർ പറഞ്ഞു.
50 സെന്റീമീറ്റർ (20 ഇഞ്ച്) താഴ്ചയിൽ പണ്ട് ശവകുടീര അടയാളമായി ഉപയോഗിച്ചിരുന്ന ഹുവാരാംഗോ മരത്തിന്റെ ( പെറുവിന്റെ തീരദേശത്ത് നിന്നുള്ള ഒരു ഇനം മരം) തടി തൊഴിലാളികൾ കണ്ടെത്തിയതായി കാലിഡ ഗ്യാസ് കമ്പനിയുടെ കോർഡിനേറ്ററും പുരാവസ്തു ഗവേഷകനുമായ ജീസസ് ബഹാമോണ്ടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെറുവിൽ ഭൂമി കുഴിക്കുമ്പോൾ കമ്പനികൾ പുരാവസ്തു ഗവേഷകരെ നിയമിക്കുന്നത് പതിവാണ്.
അവശിഷ്ടങ്ങളിലെ കൈകളും കാലുകളും വളഞ്ഞ നിലയിലായിരുന്നുവെന്നും
ചുരയ്ക്കയോട് സാമ്യമുള്ള ഒരു വസ്‌തുവിനുള്ളിൽ നിന്നാണ് അവ കണ്ടെത്തിയതെന്നും ബഹാമോണ്ടെ പറഞ്ഞു.
ജ്യാമിതീയ രൂപങ്ങളും മത്സ്യങ്ങളുടെ രൂപങ്ങളും കൊണ്ട് അലങ്കരിച്ച പ്ലേറ്റുകൾ, കുപ്പികൾ, ജഗ്ഗുകൾ എന്നിവയുൾപ്പെടെയുള്ള സെറാമിക് വസ്തുക്കൾ മമ്മിയുടെ അരികിൽ നിന്ന് കണ്ടെത്തി. 11-ാം നൂറ്റാണ്ടിനും 15-ാം നൂറ്റാണ്ടിനും ഇടയിൽ ലിമ പ്രദേശത്ത് ജീവിച്ചിരുന്ന ഇൻക-പൂർവ ചാൻകേ സംസ്കാരത്തിൽ പെട്ടതാണ് ഈ ശവകുടീരവും പുരാവസ്തുക്കളും.
2004 മുതൽ 2,200-ലധികം പുരാവസ്തുക്കൾ പെറുവിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലിമയിൽ 500-ലധികം പുരാവസ്തു സ്ഥലങ്ങളുണ്ട്. അതിൽ നിരവധി സ്ഥലങ്ങളിൽ നിന്ന് "ഹുവാക്കകൾ" (ക്വെച്ചുവ ഭാഷ) എന്നറിയപ്പെടുന്ന പുരാതന ശ്മശാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
0 comments