"ഷട്ടർ-ഡൗൺ ആൻഡ് വീൽ-ജാം"; പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം

സർക്കാർ അവഗണനയ്ക്കും വിവേചനത്തിനും എതിരെ പാക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം. അവാമി ആക്‌ഷൻ കമ്മിറ്റി (എഎസി) നേതൃത്വത്തിലാണ് പ്രതിഷേധകർ രംഗത്തുള്ളത്. അനിഷ്ട സംഭവങ്ങൾ തടയാൻ പാക് സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിക്കയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സൈന്യം കനത്ത കണ്ണീർവാതക ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്.
"ഷട്ടർ-ഡൗൺ ആൻഡ് വീൽ-ജാം" എന്ന പേരിലാണ് പണിമുടക്കും പ്രക്ഷോഭവും പ്രഖ്യാപിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. പാകിസ്ഥാൻ സർക്കാർ നിറവേറ്റണമെന്ന് ആഗ്രഹിക്കുന്ന 38 പോയിന്റ് ചാർട്ടർ സമരക്കാ അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയത്.
രാജ്യത്തിനകത്ത് താമസിക്കുന്ന കശ്മീരി അഭയാർഥികൾക്ക് പാക്ക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ 12 സീറ്റുകൾ അനുവദിച്ചിട്ടുള്ളത് നിർത്തലാക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. പ്രാദേശിക ഭരണത്തിന്റെ കാര്യക്ഷമതയെ ഇതി ബാധിക്കുന്നതായി എഎസി ( Awami Action Committee ) കുറ്റപ്പെടുത്തി.

സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുക, ന്യായമായ വൈദ്യുതി നിരക്ക്, ജല വിതരണത്തിലെ കൃത്യത, സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുക എന്നിവയാണ് മറ്റ് മുഖ്യ ആവശ്യങ്ങൾ. 70 വർഷത്തിലധികമായി ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്ക് വേണ്ടിയാണ് സമരമെന്ന് എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിൽ, സബ്സിഡിയുള്ള മാവും വൈദ്യുതിയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രദേശത്ത് നിരവധി ബന്ദുകളും പ്രകടനങ്ങളും നടന്നു. പിഒകെയിലെ മിർപൂർ ജില്ലയിലുള്ള മംഗ്ല അണക്കെട്ട് വഴി പ്രാദേശികമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ, പിഒകെയിലെ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കണമെന്ന് പ്രകടനക്കാരൻ ആ സമയത്ത് പറഞ്ഞു.
അധികമായി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തി പ്രധാന പാതകളിൽ ചിലത് അടച്ചു ഇസ്‌ലാമാബാദിൽനിന്ന് 1,000 പൊലീസ് ഉദ്യോഗസ്ഥരെ കൂടി പ്രക്ഷോഭകരെ നേരിടാനായി അയച്ചു.









0 comments