ജുഡീഷ്യൽ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ കൂടും; നിയമം പാസാക്കി ഇസ്രയേൽ

ജറുസലേം : ജഡ്ജിമാരുടെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ വർധിപ്പിക്കുന്ന നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നോട്ടുവച്ച പരിഷ്കരണനിയമങ്ങൾക്കെതിരെ വർഷങ്ങളായി പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വ്യാഴാഴ്ച നിയമം പാസാക്കിയത്. അറ്റോർണി ജനറൽ ഗാലി ബാരവ് മിയാരയെ പിരിച്ചുവിടാൻ തീരുമാനിക്കുകയും ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ തലവനായ റോണൻ ബാറിനെ പുറത്താക്കുകയും ചെയ്തതിനെത്തുടർന്ന് സുപ്രീം കോടതിയുമായി കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം.
പുതിയ നിയമത്തിനെതിരെ വ്യാഴാഴ്ച ഇസ്രയേലിൽ ആയിരങ്ങൾ അണിനിരന്ന പ്രതിഷേധം നടന്നു. ഇസ്രയേൽ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലടിച്ച ആണിയാണ് നിയമമെന്നും ഇത് തീർത്തും പരാജയമാണെന്നും വിമർശനങ്ങളുയർന്നിട്ടുണ്ട്. നിയമം പാസാക്കിയതിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
വ്യാഴാഴ്ച രാവിലെ നടന്ന വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. 67 പേർ അനുകൂലിച്ചും ഒരാൾ എതിർത്തും വോട്ട് ചെയ്തു. 2023 മുതലാണ് ജുഡീഷ്യൽ പരിഷ്കരണ നിയമങ്ങൾക്കെതിരെ ഇസ്രയേലിൽ പ്രതിഷേധം ആരംഭിച്ചത്. നിയമനിർമാണ സഭയും ജുഡീഷ്യറിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനാണ് പുതിയ നിയമമെന്നാണ് മന്ത്രി യാരിവ് ലെവിന്റെ വാദം. സുപ്രീം കോടതിയെ വിമർശിച്ച ലെവിൻ പ്രാഥമിക നിയമങ്ങളടക്കം റദ്ദാക്കാനുള്ള അധികാരം സുപ്രീംകോടതി കയ്യടക്കിയെന്നും ഇത് ജനാധിപത്യത്തിനെതിരാണെന്നും പറഞ്ഞു.
നിലവിൽ ഒമ്പതംഗ കമ്മിറ്റിയാണ് സുപ്രീംകോടതി ജഡ്ജിയടക്കമുള്ളവരെ തിരഞ്ഞെടുക്കുന്നത്. ജഡ്ജിമാർ, ബാർ അസോസിയേഷൻ പ്രതിനിധികൾ, നിയമനിർമാതാക്കൾ എന്നിവരടങ്ങുന്ന കമ്മിറ്റി ജുഡീഷ്യൽ മന്ത്രിയുടെ നേതൃത്വത്തിലാണ് നിയമനങ്ങൾ നടത്തുന്നത്. പുതിയ നിയമപ്രകാരം കമ്മിറ്റിയിൽ 3 സുപ്രീം കോടതി ജഡ്ജിമാർ, രണ്ട് മന്ത്രിമാർ, രണ്ട് നിയമജ്ഞർ, രണ്ട് പൊതു പ്രതിനിധികൾ എന്നിവരാകും കമ്മിറ്റിയിലുണ്ടാവുക. ഇതിൽ ഒരാൾ ഭരണപക്ഷത്തിന്റെയും മറ്റൊരാൾ പ്രതിപക്ഷത്തിന്റെയും പ്രതിനിധിയായിരിക്കും.
2023 ജനുവരിയിലാണ് ആദ്യമായി ഈ ഭരണപരിഷ്കാരം കൊണ്ടുവരുന്നത്. അന്നുമുതൽ വ്യാപകമായ പ്രതിഷേധമാണ് പുതിയ നിയമത്തിനെതിരെ നടന്നത്.









0 comments